വഖ്‌ഫ്‌ പ്രശ്‍നത്തിൽ നിർണായക നിലപാടുമായി സമസ്‌ത; മുഖ്യമന്ത്രി വിളിച്ചു, പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; രാഷ്ട്രീയ വിവാദം തുടരുന്നു; അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ

കോഴിക്കോട്: (www.kvartha.com 02.12.2021) വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിയെ ഏൽപിക്കാനുള്ള സംസ്ഥാന സർകാരിന്റെ തീരുമാനത്തിനെതിരെ പള്ളികൾക്കുള്ളിൽ ബോധവത്കരണം നടത്തുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രടറിയുടെ പ്രഖ്യാപനത്തിലുള്ള രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നതിനിടെ നിർണായക നിലപാടുമായി സമസ്‌ത ഇ കെ വിഭാഗം.

  
Kozhikode, Kerala, News, Top-Headlines, Politics, Leaders, Pinarayi Vijayan, Samastha, Protest, Waqf issue; Jifri Muthukoya Thangal says no protests in Masjids.



വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ടെന്നും നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ ആവശ്യപ്പെട്ടു. ആശങ്കകൾ സർകാരിന് മുന്നിൽ അവതരിപ്പിക്കും. പരിഹാരമായില്ലെങ്കിൽ മാത്രം പ്രതിഷധം മതി എന്നാണ് തീരുമാനം. ഈ വിഷയം മുഖ്യമന്ത്രി താനുമായി സംസാരിച്ചു. മുഖ്യമന്ത്രി മാന്യമായി സംസാരിച്ചു. ചർച ചെയ്യാം എന്നും പറഞ്ഞു. ചർചക്ക് ശേഷം പ്രതിഷേധം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളികളില്‍ കൂടിയാകരുത് ഈ പ്രതിഷേധം. അത് അപകടം ചെയ്യും. പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതയ്ക്ക യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. പള്ളിയില്‍ പ്രതിഷേധിക്കേണ്ട കാര്യങ്ങളുണ്ട്. ഇപ്പോള്‍ അതില്‍ പള്ളിയില്‍ ഉദ്‌ബോധനം വേണ്ട. കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്ത അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ വഖ്ഫ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വഖ്ഫ് പ്രശ്നത്തിൽ സർകാർ നിലപാടിനെതിരെ തുറന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ മുസ്ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും (ഇകെ സുന്നി വിഭാഗം) ഉൾപെടെ 15 മുസ്ലീം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത മുസ്ലിം ലീഡർഷിപ് കൗൻസിൽ യോഗം തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച പള്ളികളില്‍ പ്രചാരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രടറി പിഎംഎ സലാം യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.

എന്നാൽ ഇത് വലിയ വിവാദമാണ് തീർത്തത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ സംഘടനകളും നേതാക്കളും രംഗത്ത് വന്നു. പവിത്രത കാത്തു സൂക്ഷിക്കേണ്ട ഇടമാണ് പള്ളിയെന്നും രാഷ്ട്രീയ നിലപാട് പ്രഖ്യാപനം അരക്ഷിതാവസ്ഥയും അസമാധാനവും ഉണ്ടാക്കുമെന്നും കാന്തപുരം വിഭാഗം എസ്‌വൈഎസ്‌ സംസ്ഥാന സെക്രടറി അബ്ദുൾ ഹകീം അസ്ഹരി പറഞ്ഞു.

മസ്ജിദുകൾ ഒരിക്കലും രാഷ്ട്രീയ വേദികളാക്കരുതെന്ന് സിപിഎം നേതാവ് എളമരം കരീം എംപി പറഞ്ഞു. 'എല്ലാ പള്ളിയും ആ മഹലിലെ വിശ്വാസികളുടേതാണ്, അവിടെ വിവിധ രാഷ്ട്രീയ പാർടികളുമായി ബന്ധമുള്ളവരും ഉണ്ടാകും. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ഒരു മഹൽ കമിറ്റിയെ തിരഞ്ഞെടുക്കില്ല, അതിനാൽ ഒരു രാഷ്ട്രീയ പാർടി ഇങ്ങനെ പ്രസംഗിക്കാൻ തീരുമാനിച്ചാൽ മറ്റ് രാഷ്ട്രീയ പാർടികളുടെ അനുയായികൾ ഇതിനെ എതിർത്താൽ അത് സംഘർഷത്തിലേക്ക് നയിക്കും. എന്തിന് പള്ളികൾ സംഘർഷ സ്ഥലങ്ങളാക്കി മാറ്റണം' - കരീം കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് മോശം കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് മുൻ മന്ത്രി കെ ടി ജലീൽ പറഞ്ഞു. പള്ളികൾ പാർടി ഓഫീസുകളല്ലെന്ന് മുസ്ലിം ലീഗ് മനസിലാക്കണം. സമരം വിജയത്തിലെത്തിക്കാൻ കഴിയില്ലെന്ന് ബോധ്യമാകുമ്പോൾ പള്ളികളെയും മതചിഹ്നങ്ങളെയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് പാർടിയെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളെ രാഷ്ട്രീയ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് പറഞ്ഞു.

അതേസമയം വഖ്ഫ് ബോർഡ് നിയമനം രാഷ്ട്രീയ പ്രശ്‌നമല്ല, മതപരമായ പ്രശ്‌നമാണെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ സർകാർ സ്വീകരിക്കുമ്പോൾ പ്രതിഷേധം സ്വാഭാവികമാണെന്നും ഇതിനെ രാഷ്ട്രീയ നീക്കമായി വ്യാഖ്യാനിക്കരുതെന്നും സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായിയും പറഞ്ഞു.

വഖ്ഫ് സ്വത്തായ പള്ളികളിൽ വെച്ച് വഖ്ഫ് സംവിധാനം തകർക്കാനുള്ള നീക്കത്തിനെതിരെ പറയുന്നതിൽ കുഴപ്പമില്ലെന്ന് കെ എൻ എം പ്രസിഡന്‍റ് ടിപി അബ്ദുല്ല കോയ മദനി പറഞ്ഞു. അതു കൊണ്ട് പ്രശ്നമുണ്ടാകുമെന്ന പ്രചാരണം തീർത്തും ദുരുദ്ദേശ്യത്തോടെയാണ്. വഖ്ഫ് സംവിധാനം നാളിതു വരെ നിലനിന്ന രൂപത്തിൽ നിലനിർത്താൻ സർകാർ സന്നദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി പിഎംഎ സലാം തന്നെ രംഗത്തുവന്നു. പള്ളികളിൽ ബോധവൽകരണ പരിപാടി സംഘടിപ്പിക്കാനുള്ള തീരുമാനം മുസ്ലിം ലീഗ് എടുത്തിട്ടില്ലെന്ന് സലാം വ്യക്തമാക്കി. വഖ്ഫ് സ്വത്തുക്കൾ വിവിധ മത സംഘടനകൾക്കും മഹല്ലുകൾക്കും കീഴിലാണ്, അവ നഷ്ടപ്പെടാനോ ദുരുപയോഗം ചെയ്യാനോ സാധ്യതയുള്ളതായി തോന്നിയപ്പോൾ അവർ രംഗത്തെത്തിയത് സ്വാഭാവികമാണ്. അല്ലാതെ ഈ വിഷയത്തിൽ മുസ്ലിം ലീഗിന് രാഷ്ട്രീയ ലക്ഷ്യമൊന്നുമില്ല' - അദ്ദേഹം പറഞ്ഞു.

സമസ്‌ത നിലപാട് അറിയിച്ചതോടെ പുതിയ സാഹചര്യത്തിൽ മുഖ്യമന്ത്രി എന്ത് തീരുമാനമെടുക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.



Keywords: Kozhikode, Kerala, News, Top-Headlines, Politics, Leaders, Pinarayi Vijayan, Samastha, Protest, Waqf issue; Jifri Muthukoya Thangal says no protests in Masjids.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?