'പരിപാടിക്കിടെ ഇരുന്നുകൊണ്ട് ദേശീയ ഗാനം പാടുകയും അത് മുഴുമിപ്പിക്കാതെ അവസാനിപ്പിക്കുകയും ചെയ്തു'; മമതാ ബാനര്‍ജിക്കെതിരെ പരാതി നല്‍കി ബിജെപി നേതാവ്
മുംബൈ: (www.kvartha.com 02.12.2021) ദേശീയ ഗാനത്തെ അപമാനിച്ചെന്നാരോപിച്ച് മമത ബാനര്‍ജിക്കെതിരെ പരാതിയുമായി ബി ജെ പി നേതാവ്. മുംബൈയില്‍ നടന്ന ഒരു പരിപാടിക്കിടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദേശീയഗാനത്തെ അപമാനിച്ചുവെന്നാണ് പരാതി. ഇരുന്നുകൊണ്ട് ദേശീയ ഗാനം പാടുകയും പിന്നീട് അത് മുഴുവന്‍ ആക്കാതെ അവസാനിപ്പിച്ചുവെന്നും മുംബൈ പൊലീസില്‍ ഇതു സംബന്ധിച്ച് നല്‍കിയ പരാതിയില്‍ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ദേശീയഗാനത്തിന്റെ ഏതാനും വരികള്‍ പാടിയ മമത ജയ് മഹാരാഷ്ട്ര എന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മമത ബംഗാള്‍ സംസ്‌കാരത്തേയും, ദേശീയ ഗാനത്തേയും, രവീന്ദ്ര നാഥ ടാഗോറിനേയും അപമാനിച്ചുവെന്ന് ബി ജെ പി ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി.
'ദേശീയതയുടെ ഏറ്റവും ശക്തമായ ആവിഷ്‌കാരമാണ് ദേശീയഗാനം. ഏറ്റവും ചെറിയ സര്‍കാര്‍ ഉദ്യോഗത്തിലുള്ളവര്‍ക്ക് പോലും ദേശീയ ഗാനത്തെ അപമാനിക്കാനാവില്ല. ബംഗാള്‍ മുഖ്യമന്ത്രി പാടിയത് നമ്മുടെ ദേശീയഗാനത്തിന്റെ വികൃതമായ പതിപ്പാണ്. ഇന്‍ഡ്യയുടെ പ്രതിപക്ഷത്തിന് അഭിമാനവും രാജ്യസ്‌നേഹവും ഇല്ലേ?,' ബി ജെ പി നേതാവ് അമിത് മാളവ്യ പറഞ്ഞു.
ബി ജെ പി പശ്ചിമ ബംഗാള്‍ പ്രസിഡന്റ് ഡോ. സുകാന്ത മജുംദാറും മമതയെ വിമര്‍ശിച്ച് രംഗത്തെത്തി. 'ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ദേശീയ ഗാനത്തെ അപമാനിക്കുന്നു. അവര്‍ക്ക് ദേശീയഗാനത്തിന്റെ മര്യാദകള്‍ അറിയില്ലേ, അതോ അറിഞ്ഞുകൊണ്ട് അപമാനിക്കുകയാണോ?' മജുംദാര്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചില്ല.
അതേസമയം, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സഖ്യം ഇപ്പോഴില്ലെന്നും അത് ചരിത്രമായെന്നും മമത ബുധനാഴ്ച അഭിപ്രായപ്പെട്ടിരുന്നു. മുംബൈയിലെത്തി എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട ശേഷമായിരുന്നു മമത കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയത്. ബി ജെ പിക്കെതിരായ ശക്തമായ ബദല്‍ രാജ്യത്ത് കൊണ്ടുവരാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്നായിരുന്നു സന്ദര്‍ശനത്തെക്കുറിച്ച് പവാര്‍ അഭിപ്രായപ്പെട്ടത്. ശിവസേനാ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു.
മേഘാലയയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ടത്തോടെ തൃണമൂലിലേക്ക് എത്തിയതും, ഗോവയില്‍ തൃണമൂല്‍ മത്സരിക്കാന്‍ തീരുമാനിച്ചതുമടക്കം കോണ്‍ഗ്രസുമായി കടുത്ത അകല്‍ച്ച നിലനില്‍ക്കുമ്പോഴാണ് പ്രാദേശിക പാര്‍ടികളുമായുള്ള മമതയുടെ കൂടിക്കാഴ്ചകള്‍ പുരോഗമിക്കുന്നത്.
Powered by Info News For You

Comments
Post a Comment