കർണാടക എം എൽ സി തെരഞ്ഞെടുപ്പ്: ഉപരിസഭയിലും ബി ജെ പി മേധാവിത്തം; ജെ ഡി എസിൽ നിന്ന് ജയിച്ചത് ഒരേയൊരു പേരക്കുട്ടി; ദക്ഷിണ കന്നടയിൽ കരുത്തു കാട്ടി കോൺഗ്രസും ബി ജെ പിയും
മംഗളൂരു: (www.kasargodvartha.com 14.12.2021) കഴിഞ്ഞ വെള്ളിയാഴ്ച കർണാടകയിൽ നടന്ന തദ്ദേശസ്വയംഭരണ മണ്ഡലങ്ങളിൽ നിന്നുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനം ഭരിക്കുന്ന ബി ജെ പി നിയമസഭ ഉപരിസഭയിലും മേധാവിത്തം ഉറപ്പിച്ചു. അഞ്ച് ദ്വയാംഗ മണ്ഡലങ്ങൾ ഉൾപ്പെടെ 20 മണ്ഡലങ്ങളിൽ നിന്ന് 25 എം എൽ സിമാരുടെ തെരഞ്ഞെടുപ്പാണ് നടന്നത്. 20 വീതം സീറ്റുകളിലാണ് കോൺഗ്രസും ബി ജെ പിയും മത്സരിച്ചത്. ബി ജെ പി 12 മണ്ഡലങ്ങളിലും കോൺഗ്രസ് 11 മണ്ഡലങ്ങളിലും വിജയിച്ചു. ആറിടത്ത് ജനവിധി തേടിയ ജെ ഡി എസിന് ഒരു സീറ്റേ നേടാനായുള്ളൂ. ഒരു സ്വതന്ത്രനും ജയിച്ചു.
തദ്ദേശസ്വയംഭരണ മണ്ഡലം പ്രതിനിധികളായി കോൺഗ്രസിന് ലെജിസ്ലേറ്റീവ് കൗൺസിലിൽ 14 അംഗങ്ങളുണ്ട്. ഇതാണ് 11 ആയി ചുരുങ്ങിയത്. ബി ജെ പിയുടെ അംഗസംഖ്യ ആറിൽ നിന്ന് ഇരട്ടിയായി. ജെ ഡി എസ് പ്രാതിനിധ്യം നാലിൽ നിന്ന് ഒന്നായി. മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഢയുടെ മകൻ മുൻമന്ത്രി എച് ഡി രേവണ്ണയുടെ മകൻ ഡോ.സൂരജാണ് ഹാസൻ മണ്ഡലത്തിൽ നിന്നുള്ള ഈ ഏക അംഗം. തദ്ദേശസ്വയംഭരണ മണ്ഡലങ്ങളിൽ ലഭിച്ച ജനപിന്തുണയോടെ 75 അംഗ ഉപരിസഭയിൽ ബി ജെ പി പ്രാതിനിധ്യം 32ൽ നിന്ന് 38 ആയി ഉയർന്നു. കോൺഗ്രസ് അംഗബലം 29ൽ നിന്ന് 26ലേക്ക് വീണു. ജെ ഡി എസ് 12ൽ നിന്ന് ഒമ്പതിലേക്ക് പതിച്ചു.
മതം മാറ്റ നിരോധ നിയമം നിയസഭയിലും ഉപരിസഭയിലും അവതരിപ്പിക്കാനിരിക്കേയാണ് ബി ജെ പിക്ക് ഈ നേട്ടം. കോൺഗ്രസിനും ബി ജെ പിക്കും ആഹ്ലാദം പകർന്ന ജനവിധിയാണ് ദക്ഷിണ കന്നട ദ്വയാംഗ മണ്ഡലം നൽകിയത്. ബി ജെ പി സ്ഥാനാർഥി മന്ത്രി കൊട ശ്രീനിവാസ പൂജാരി 3672 വോടുകൾ നേടി നാലാം തവണ ഉപരിസഭയിലെത്തി. 389 ബൂത്തുകളിലായി 6011 വോടുകളാണ് പോൾ ചെയ്തത്. കന്നി അങ്കത്തിൽ കോൺഗ്രസ് സ്ഥാനാർഥി മഞ്ചുനാഥ ഭണ്ഡാരി 2079 വോടുകൾ നേടിയാണ് വിജയിച്ചത്. എസ് ഡി പി ഐ സ്ഥാനാർഥി ശാഫി ബെല്ലാരെക്ക് 204 വോടുകൾ ലഭിച്ചു. 56 വോടുകൾ അസാധുവായി. വിജയികളെ ആനയിച്ച് കോൺഗ്രസ്, ബി ജെ പി പ്രവർത്തകർ മംഗളൂറുവിൽ പ്രകടനങ്ങൾ നടത്തി.
അടുത്ത മാസം അഞ്ചിന് കാലാവധി അവസാനിക്കുന്ന 25 എം എൽ സിമാർക്ക് പകരക്കാരെ കണ്ടെത്താനാണ് തെരഞ്ഞെടുപ്പ് നടന്നത്. അതത് മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, എം എൽ എമാർ, എം പി മാർ എന്നിവരാണ് വിധിയെഴുതിയത്.
അടുത്ത മാസം അഞ്ചിന് കാലാവധി അവസാനിക്കുന്ന 25 എം എൽ സിമാർക്ക് പകരക്കാരെ കണ്ടെത്താനാണ് തെരഞ്ഞെടുപ്പ് നടന്നത്. അതത് മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, എം എൽ എമാർ, എം പി മാർ എന്നിവരാണ് വിധിയെഴുതിയത്.
Keywords: Karnataka, News, Mangalore, Top-Headlines, Election, Result, Political party, Politics, BJP, Congress, Karnataka MLC Election; Results Declared.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment