യുഎഇയിലും അമേരികയിലും ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; വൈറസ് ബാധ കണ്ടെത്തിയത് ആഫ്രികന്‍ സ്വദേശിയില്‍
ദുബൈ: (www.kvartha.com 02.12.2021) സഊദി അറേബ്യയ്ക്ക് പിന്നാലെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ യു എ ഇയിലും അമേരികയിലും സ്ഥിരീകരിച്ചു. രാജ്യത്ത് എത്തിയ ആഫ്രികന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേറ്റ് ചെയ്തതായും കര്‍ശ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്.
ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും ബൂസ്റ്റര്‍ ഡോസ് ഉള്‍പെടെ എല്ലാവരും വാക്‌സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. എല്ലാവരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരികയില്‍ കാലിഫോര്‍ണിയയില്‍ നവംബര്‍ 22ന് എത്തിയ ആഫ്രികന്‍ സ്വദേശിയിലാണ് ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. 29-നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ സഊദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രികയില്‍ നിന്നെത്തിയ സഊദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്റീന്‍ ചെയ്തിട്ടുണ്ട്. 14 ആഫ്രികന്‍ രാജ്യങ്ങള്‍ക്ക് സഊദി യാത്രാവിലക്ക് ഏര്‍പെടുത്തിയിരുന്നു. വിലക്ക് ഏര്‍പെടുത്തുന്നതിന് മുന്‍പ് സഊദിയില്‍ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന.
അതേസമയം, ഒമിക്രോണ്‍ വകഭേദത്തിനെതിരെ വാക്‌സീന്‍ ഫലപ്രദമാകുമെന്നാണ് ആദ്യ ഗവേഷണ ഫലങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ഇസ്രാഈല്‍ അറിയിച്ചു. ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്താല്‍ ഇരട്ടിയോളം പകര്‍ച്ചാശേഷി ഒമിക്രോണിന് ഉണ്ടെന്നും ഇസ്രാഈല്‍ ഗവേഷകര്‍ വെളിപ്പെടുത്തി. ഇപ്പോഴുള്ള വാക്സീനുകള്‍ ഒമിക്രോണിനെതിരെ ഫലിക്കില്ലെന്ന മോഡേണ കമ്പനിയുടെ മേധാവി അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം തള്ളിയാണ് ഇസ്രാഈല്‍ വെളിപ്പെടുത്തല്‍.
Powered by Info News For You

Comments
Post a Comment