കൊച്ചി ഫ്ലാറ്റിലെ ചൂതാട്ട കേന്ദ്രം: നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളെന്ന് കണ്ടെത്തല്‍; നടത്തിപ്പുകാരന് മാത്രം ഒരു കളിയില്‍ നിന്ന് ലഭിക്കുക ഒന്നരലക്ഷം രൂപ
കൊച്ചി: (www.kvartha.com 06.12.2021) ചെലവന്നൂരിലെ ഫ്ലാറ്റിലെ ചൂതാട്ട കേന്ദ്രത്തില്‍ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളെന്ന് കണ്ടെത്തല്‍. ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വ്യാപകമാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. വലിയ തോതിലുള്ള ചൂതാട്ടമാണ് കൊച്ചിയില്‍ നടന്നതെന്നാണ് റിപോര്‍ടുകള്‍.
ടിപ്സന്‍ എന്നയാളാണ് ചൂതാട്ട കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആഴ്ചയില്‍ രണ്ട് ദിവസമാണ് ചൂതാട്ടം സംഘടിപ്പിക്കുന്നതെന്നും നടത്തിപ്പുകാരനായ ഇയാള്‍ക്ക് ഒരു കളിയില്‍ നിന്ന് ലഭിക്കുക ഒന്നരലക്ഷം രൂപയാണെന്നും റിപോര്‍ടുണ്ട്. ചൂതാട്ട കേന്ദ്രത്തിലെത്തിയ ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഒരേ സമയം എട്ട് പേര്‍ക്ക് ചൂതാട്ടം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രമുഖര്‍ ഉള്‍പെടെ നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഞായറാഴ്ചയാണ് കൊച്ചിയിലെ മോഡെലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു ഡിജെ പാര്‍ടി നടത്തിയ ഫ്ലാറ്റുകളില്‍ പൊലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്കിടെയാണ് ചെലവന്നൂരിലെ ഫ്ലാറ്റില്‍ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്.
ചെലവന്നൂര്‍, മരട്, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായായിരുന്നു പരിശോധന.
Powered by Info News For You

Comments
Post a Comment