സൈനിക ഹെലികോപ്‌റ്റെര്‍ അപകടം; മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ വീട്ടിലെത്തി മന്ത്രി കെ രാജന്‍
തൃശ്ശൂര്‍: (www.kvartha.com 09.12.2021) കൂനൂരില്‍ സൈനിക ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ വീട്ടിലെത്തി റവന്യൂമന്ത്രി കെ രാജന്‍. ധീര സൈനികനെയാണ് നഷ്ടമായതെന്നും നാട്ടില്‍ സജീവമായ യുവാവാണ് ഇല്ലാതായതെന്നും മന്ത്രി പറഞ്ഞു. മരണ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്നും എല്ലാ ബഹുമതികളോടെയും സംസ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനറല്‍ ബിപിന്‍ റാവത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്റെറിന്റെ ഫ്‌ലൈറ്റ് ഗണ്ണര്‍ ആയിരുന്നു വാറന്റ് ഓഫീസര്‍ പ്രദീപ്. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത കേട്ട് ഞെട്ടലിലാണ് തൃശൂര്‍ പൊന്നുകര ഗ്രാമം. ഉത്സാഹിയായ ഒരു യുവാവിനെ ആണ് നാടിന് നഷ്ടമായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കുമായി പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് ഈ അപകടം. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം.
2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്‍ഡ്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപെറേഷന്‍സ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകള്‍ തുടങ്ങിയ അനേകം മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.
2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂടിയേറ്റെടുത്ത് സുത്യര്‍ഹമായ സേവനമാണ് ഇദ്ദേഹം കാഴ്ച വെച്ചത്. ഒട്ടേറെ ജീവനുകള്‍ രക്ഷപെടുത്തുവാന്‍ സാധിച്ച, പ്രദീപ് ഉള്‍പെട്ട ആ ദൗത്യ സംഘത്തിന് ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെയും സംസ്ഥാന സര്‍കാരിന്റെയും പ്രത്യേക പ്രശംസ നേടാനായിരുന്നു.
Powered by Info News For You
Comments
Post a Comment