നാഗാലാന്‍ഡ് വെടിവയ്പ്പ്; കേന്ദ്ര സര്‍കാരിന് മുന്നില്‍ 5 ആവശ്യങ്ങളുമായി ഗോത്ര വിഭാഗ സംഘടനയായ കൊന്യാക് യൂനിയന്‍
ന്യൂഡെല്‍ഹി: (www.kvartha.com 07.12.2021) നാഗാലാന്‍ഡ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍കാരിന് മുന്നില്‍ അഞ്ച് ആവശ്യങ്ങളുമായി പ്രബല ഗോത്ര വിഭാഗ സംഘടനയായ കൊന്യാക് യൂനിയന്‍. കുറ്റക്കാരായ സൈനികര്‍ക്കെതിരെ നടപടി എടുക്കുക, സായുധ സേന പ്രത്യകാധികാര നിയമം പിന്‍വലിക്കുക, അസം റൈഫിള്‍സിനെ മോന്‍ ജില്ലയില്‍ നിന്ന് പിന്‍വലിക്കുക എന്നിവ ഉള്‍പെടെയുള്ള ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. സ്വതന്ത്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നും കൊന്യാക് യൂനിയന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഉള്‍പെട്ട എല്ലാ സൈനികര്‍ക്കെതിരെയും നിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നും സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ 30 ദിവസത്തിനകം പുറത്തുവിടണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു.
സായുധ സേന (പ്രത്യേക അധികാരങ്ങള്‍) നിയമം അല്ലെങ്കില്‍ അഫ്‌സ്പാ (AFSPA)നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് മേഖല മുഖ്യമന്ത്രിമാര്‍ രംഗത്തെത്തി. വെടിവയ്പ്പില്‍ സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. സൈന്യത്തിനെതിരെ നാഗാലാന്‍ഡ് പൊലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
നാഗാലാന്‍ഡ് വെടിവയ്പ്പില്‍ സൈന്യത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആഭ്യന്തര അന്വേഷണം നടക്കുന്നത്. മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഇന്റലിജന്‍സ് വീഴ്ച്ച പ്രദേശവാസികളുമായ നടന്ന സംഘര്‍ഷം അടക്കമുള്ള കാര്യങ്ങള്‍ സൈന്യം അന്വേഷിക്കും. സൈന്യത്തിന്റെ പ്രത്യേക യൂനിറ്റായ 21-ാം പാരാസെപ്ഷ്യല്‍ ഫോഴ്‌സിലെ സൈനികര്‍ക്കെതിരെയാണ് പൊലീസ് കേസ്. യാതൊരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ് ഐ ആറില്‍ പറയുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം 11 ലക്ഷവും നാഗാലാന്‍ഡ് 5 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു. മോന്‍ ജില്ലയില്‍ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം സംസ്‌കരിച്ചു. നാഗാലന്‍ഡിന് ഇത് കറുത്ത ദിനമാണെന്നും നിരപരാധികളെ സുരക്ഷാ സേന വധിച്ചെന്നും ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു. അഫ്‌സ്പാ നിയമം പിന്‍വലിക്കണമെന്നും റിയോ ആവശ്യപ്പെട്ടു.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ രംഗത്തെത്തിയിരുന്നു. ഇതിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെ കൊഹിമയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
1958ല്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റ് നടപ്പിലാക്കിയതാണ് സായുധസേനാ പ്രത്യേകാധികാര നിയമം അഥവാ അഫ്സ്പാ (Armed Forces Special Powers Act). ഇത് നടപ്പാക്കുന്ന സ്ഥലങ്ങളില്‍ സൈന്യത്തിന് അമിതാധികാരത്തിന് വ്യവസ്ഥ ചെയ്യുന്നു. ഈ നിയമ പ്രകാരം അരുണാചല്‍ പ്രദേശ്, അസം, മണിപൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങിലാണ് പ്രശ്നങ്ങള്‍ നേരിടുന്നതിന് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്യുന്നത്.
നിയമം ലംഘിക്കുന്നവര്‍ക്കോ അഞ്ചില്‍ കൂടുതല്‍ പേര്‍ സംഘം ചേര്‍ന്നാലോ ആയുധങ്ങള്‍ കൈവശം വച്ചാലോ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധസേനയ്ക്ക് നിയമം അധികാരം നല്‍കുന്നു. ഇത്തരം നടപടികളില്‍ കരസേനാ ഓഫീസര്‍മാര്‍ക്ക് നിയമപരിരക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അഫ്സ്പാ നിയമപ്രകാരം സൈന്യത്തിന് ആരെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റു ചെയ്യാനും കേസ് എടുക്കാതെ തടവില്‍ വെക്കാനും അധികാരമുണ്ട്. സര്‍കാറിനെതിരായി കൂട്ടം കൂടുകയോ, നിയമം കൈയ്യിലെടുക്കുന്നതായി തോന്നുകയോ ചെയ്യുന്ന സമയങ്ങളില്‍ സൈന്യത്തിന് ഇടപെടാവുന്നതാണ്. ഏത് വീട്ടിലും എപ്പോള്‍ വേണമെണങ്കിലും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ തിരച്ചില്‍ നടത്താവുന്നതാണ്.
Powered by Info News For You
Comments
Post a Comment