മധ്യപ്രദേശില്‍ വിവാഹചടങ്ങിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു; അക്രമികളെത്തിയത് 'ജയ് ശ്രീറാം' മുഴക്കിയാണെന്ന് ദൃക്‌സാക്ഷികള്‍, 3 പേര്‍ അറസ്റ്റില്‍
ഭോപാല്‍: (www.kvartha.com 14.12.2021) മധ്യപ്രദേശില്‍ വിവാഹചടങ്ങിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു. മുന്‍ സര്‍പഞ്ച് ദേവിലാല്‍ മീണയാണ് മരിച്ചത്. അക്രമികളെത്തിയത് 'ജയ് ശ്രീറാം' മുഴക്കിയാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജയിലില്‍ കഴിയുന്ന ആള്‍ദൈവം രാംപാലിന്റെ അനുയായികളാണ് വിവാഹചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഹരിയാന സ്വദേശിയായ രാംപാല്‍ അഞ്ച് സ്ത്രീകളും ഒരു കൈക്കുഞ്ഞും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.
17 മിനിറ്റ് മാത്രം എടുക്കുന്ന വ്യത്യസ്തമായ രാമിനി എന്നറിയപ്പെടുന്ന വിവാഹ ചടങ്ങാണ് ഇവിടെ സംഘടിപ്പിച്ചതെന്നാണ് രാംപാലിന്റെ അനുയായികള്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ആക്രമണത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളില്‍ വിവാഹത്തിനെത്തിയവര്‍ പരിഭ്രാന്തരായി അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വ്യക്തമാണ്. കുറുവടികളും മുളവടികളുമായണ് അക്രമികള്‍ എത്തിയത്. ബഹളത്തില്‍ വെടിയേറ്റ ദേവിലാല്‍ മീണയെ രാജസ്ഥാനിലെ കോടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ഇത്തരം വിവാഹങ്ങള്‍ 'നിയമവിരുദ്ധമായി' സംഘടിപ്പിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ആയുധധാരികള്‍ ചടങ്ങ് തകര്‍ത്തതെന്ന് ലോകല്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അമിത് വര്‍മ പറഞ്ഞു.
വിവാഹത്തിനെത്തിയ അക്രമികളില്‍ തിരിച്ചറിഞ്ഞ 11 പേര്‍ക്കെതിരെയും അല്ലാത്തവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് തവണ സര്‍പഞ്ചായിട്ടുള്ള, ഷംഗഡ് പ്രദേശത്തെ താമസക്കാരനായ മരിച്ച മീണയെ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി പിന്തുണച്ചിരുന്നു. വിവാഹത്തിന്റെ മുഖ്യ സംഘാടകന്‍ അദ്ദേഹമായിരുന്നു.
Powered by Info News For You
Comments
Post a Comment