പമ്പ അണക്കെട്ടില്‍ റെഡ് അലേര്‍ട്; ഷടെറുകള്‍ ഉയര്‍ത്തിയേക്കും, തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍; ശബരിമല തീര്‍ഥാടനത്തിന് നിരോധനം
പത്തനംതിട്ട: (www.kvartha.com 20.11.2021) വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പ അണക്കെട്ടില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. ഷടെറുകള്‍ ഉയര്‍ത്താന്‍ സാധ്യത. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ നിര്‍ദേശം നല്‍കി.
വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് റിസര്‍വോയറിലെ ജലനിരപ്പ് 983.95 മീറ്ററാണ്. ആറ് മണിക്കൂറിനുള്ളില്‍ ജലനിരപ്പ് റെഡ് അലേര്‍ട് ലെവലില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആവശ്യമെങ്കില്‍ അധിക ജലം സ്പില്‍ വേയിലൂടെ ഒഴുക്കിക്കളയുമെന്ന് ദിവ്യ എസ് അയ്യര്‍ അറിയിച്ചു. രാത്രി 9 മണിക്കാണ് കെ എസ് ഇ ബി സുരക്ഷാ വിഭാഗം റെഡ് അലേര്‍ട് പ്രഖ്യാപിച്ചത്.
അതേസമയം, ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. തീര്‍ഥാടകര്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പ ഡാമിന്റെ ഷടെറുകള്‍ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് കലക്ടറുടെ ഉത്തരവ്. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് അറിയിച്ചു.
വെര്‍ച്വല്‍ ക്യൂ വഴി ബുക് ചെയ്തവര്‍ക്ക് ഏറ്റവും അടുത്ത അവസരം നല്‍കും. വെള്ളിയാഴ്ച വൈകിട്ട് പമ്പാ മണല്‍പ്പരപ്പിലേക്ക് വെള്ളം കയറിയിരുന്നു. ശബരിമല വനമേഖലയില്‍ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമല തീര്‍ഥാടനത്തിന് നിരോധനം ഏര്‍പെടുത്തുന്നത് ഇത് ആദ്യമായിട്ടാണ്. രാത്രി 11:40-ഓടെയാണ് നിരോധനം ഏര്‍പെടുത്തി ഉത്തരവ് വന്നത്.
അതിനിടെ, സംസ്ഥാനത്ത് ഞായറാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാടിന് മുകളിലായുള്ള ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് എവിടെയും യെലോ, ഓറന്‍ജ്, റെഡ് അലേര്‍ടുകള്‍ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതല്‍ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
Powered by Info News For You

Comments
Post a Comment