സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ റീബ്രാന്‍ഡിങ് നടത്തിയിട്ടു കാര്യമില്ല; ഫേസ്ബുകിന്റെ ഭാവിക്ക് സകര്‍ബര്‍ഗ് രാജി വയ്ക്കണം: മുന്‍ ജീവനക്കാരി
ലിസ്ബന്‍: (www.kvartha.com 02.11.2021) ഫേസ്ബുകിന്റെ റീബ്രാന്‍ഡിങ്ങിനും സിഇഒ മാര്‍ക് സകര്‍ബര്‍ഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ജീവനക്കാരി ഫ്രാന്‍സസ് ഹോഗന്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ റീബ്രാന്‍ഡിങ് നടത്തിയിട്ടു കാര്യമില്ലെന്ന് ഹോഗന്‍ പറഞ്ഞു.
മാര്‍ക്ക് സകര്‍ബര്‍ഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലത്. സകര്‍ബര്‍ഗ് സി ഇ ഒയായി ഇരിക്കുന്നിടത്തോളം കമ്പനി ഈ രീതിയില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. സുരക്ഷയെക്കുറിച്ച് കൂടുതല്‍ ധാരണയുള്ള ഒരാള്‍ തലപ്പത്തേയ്ക്ക് എത്തിയാല്‍ കമ്പനിക്ക് ഗുണമാകുമെന്നും പോര്‍ചുഗല്‍ തലസ്ഥാനമായ ലിസ്ബനില്‍ നടന്ന വെബ് ഉച്ചകോടിയില്‍ അവര്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുകിന്റെ ആഭ്യന്തര പ്രവര്‍ത്തനരീതിയെക്കുറിച്ചുള്ള റിപോര്‍ട് പുറത്തുവിട്ടതിനുശേഷം, വിസില്‍ ബ്ലോവറായ ഹോഗന്‍ നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.
കഴിഞ്ഞയാഴ്ചയാണ് ഫേസ്ബുകിന്റെ മാതൃകമ്പനിയുടെ പേര് 'മെറ്റ' എന്നാക്കിയത്. ഫേയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയവ ഇനി മെറ്റ എന്ന കമ്പനിയുടെ കീഴിലായിരിക്കും. സമൂഹമാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഭ്യന്തര റിപോര്‍ടുകള്‍ ഫേസ്ബുക് സ്ഥിരമായി അവഗണിച്ചെന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയായിരുന്നു പേരുമാറ്റം.
Powered by Info News For You

Comments
Post a Comment