നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കെ ദളിത് കുടുംബങ്ങളെ വീട് വയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി
പത്തനംതിട്ട: (www.kvartha.com 14.11.2021) നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കെ ദളിത് കുടുംബങ്ങളെ വീട് വയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. റാന്നിയിലെ മക്കപ്പുഴയില്‍ വീടില്ലാത്ത എട്ട് ദളിത് കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്.
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പ്രവാസി മലയാളി വി ടി വര്‍ഗീസ് ബേബിയാണ് തന്റെ കുടുംബ വസ്തുവില്‍നിന്ന് 26 സെന്റ് സ്ഥലം പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ സൗജന്യമായി നല്‍കിയത്. ഈ ഭൂമിയിലേക്കുള്ള വഴി പ്രദേശവാസികള്‍ കെട്ടിയടച്ചെന്നാണ് പരാതി. വര്‍ഗീസ് നല്‍കിയ ഭൂമിയോട് ചേര്‍ന്ന് പഞ്ചായത്ത് കിണറ്റിലേക്കുള്ള നടവഴിയുണ്ട്. ദളിത് കുടുംബങ്ങള്‍ക്ക് ഭൂമി കിട്ടിയതിന് പിന്നാലെ ഈ വഴി ഗേറ്റ്‌വച്ച് അടച്ചെന്നും പരാതിയുണ്ട്.
വിവിധ ഇടങ്ങളില്‍ നിന്നുള്ള ആളുകള്‍ സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. പ്രദേശവാസികളായ ചിലര്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ അധിക്ഷേപിച്ചെന്നാണ് ആരോപണം. പട്ടികവര്‍ഗ കുടുംബങ്ങള്‍ വന്നാല്‍ സ്ഥലം കോളനിയാകുമെന്നും താന്‍ പഞ്ചായത്ത് മെമ്പറാണേല്‍ ഇത് സമ്മതിക്കില്ലെന്നും മെമ്പര്‍ പറഞ്ഞതായി പരാതിക്കാരിലൊരാളായ അന്നമ്മ ജോസഫ് പറഞ്ഞു.
എന്നാല്‍ തര്‍ക്കത്തിലുള്ളത് പൊതുവഴി അല്ലെന്നും മനപ്പൂര്‍വം വര്‍ഗീയത പരത്താനുള്ള നീക്കമാണെന്നുമാണ് ആരോപണ വിധേയരുടെ വിശദീകരണം. എന്നാല്‍ ഭൂമി നല്‍കിയ വര്‍ഗീസ് ബേബി സ്വകാര്യ വഴി പൊതുവഴിയാണെന്ന് പറഞ്ഞ് ദളിത് കുടുംബങ്ങളെ തെറ്റിധരിപ്പിച്ചെന്നും വഴിയെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണ് നിലനില്‍ക്കുന്നതെന്നുമാണ് ആരോപണ വിധേയരായ വീട്ടുകാര്‍ പറയുന്നത്.
പലതവണ പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാതെ വന്നതോടെ സ്ഥലം നല്‍കിയ വര്‍ഗീസ് ബേബിയുടെ സഹായത്തോടെ പരാതിക്കാര്‍ എസ്‌സി എസ്ടി കമീഷനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിച്ചു.
Powered by Info News For You

Comments
Post a Comment