പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഇനി 'കിട്ടു' മറുപടി പറയും; പുതിയ വീഡിയോ സീരിസുമായി കേരളാ പൊലീസ്
തിരുവനന്തപുരം: (www.kvartha.com 20.11.2021) പുതിയ വീഡിയോ സീരിസുമായി കേരളാ പൊലീസ്. പൊലീസിന്റെ ഘടനയെയും വിവിധ സംവിധാനങ്ങളെയും കുറിച്ചുള്ള പൊതുജനങ്ങളുടെ പൊതുവായുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തയ്യറാക്കുന്ന വെബ് സീരീസാണ് പൊലീസിനെ 'പിടിച്ച' കിട്ടു. പൂര്‍ണമായും പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ഈ വീഡിയോയില്‍ അനിമേഷന്‍ ക്യാരക്ടര്‍ കിട്ടുവാണ് മുഖ്യകഥാപാത്രം.
എ ഡി ജി പി മനോജ് എബ്രഹാമിന്റെ ആശയത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. വെബ് സീരിസിന്റെ സംവിധായകനായ സോഷ്യല്‍ മീഡിയ സെലിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസെര്‍ ബിമല്‍ വിജയ് ആണ് അനിമേഷന്‍ കഥാപാത്രമായ കിട്ടുവിനും രൂപകല്‍പന നല്‍കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ അനിമേഷന്‍ രൂപം ആദ്യമായി അവതരിപ്പിച്ചതും ഇദ്ദേഹമാണ്.
വ്യാജ വാര്‍ത്തകള്‍, സൈബര്‍ സുരക്ഷ, ട്രാഫിക് ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം പൊലീസിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയും വിവിധ എപിസോഡുകളിലായി അവതരിപ്പിക്കും. സീരിസിന്റെ പ്രൊമോ വീഡിയോ വൈകിട്ട് ആറുമണിക്ക് കേരളാ പൊലീസിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ റിലീസ് ചെയ്യും.
സീനിയര്‍ സിവില്‍ പൊലീസ് ഓഫിസെര്‍ സന്തോഷ് പി എസ് ആണ് ദൃശ്യത്തില്‍ അവതാരകനായി എത്തുന്നത്. രഞ്ജിത് കുമാര്‍ (ക്യാമറ), സന്തോഷ് സരസ്വതി (അസോസിയേറ്റ് ഡയറക്ടര്‍), കമലനാഥ് കെ ആര്‍ (തിരക്കഥ), അരുണ്‍ ബി ടി (ടെക്‌നികല്‍ ഹെഡ്), അഖില്‍ (കോ- ഓര്‍ഡിനേഷന്‍), ജിബിന്‍ ഗോപിനാഥ് (സാങ്കേതിക സഹായം) എന്നിവരാണ് മറ്റുപിന്നണി പ്രവര്‍ത്തകര്‍.
Keywords: News, Kerala, State, Thiruvananthapuram, Police, Video, Social Media, Technology, Kerala Police with new video series
Powered by Info News For You

Comments
Post a Comment