കോഴിക്കോട് നാലിടങ്ങളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം; കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്ത് ശുചീകരിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: (www.kvartha.com 23.11.2021) ഭക്ഷ്യവിഷബാധ റിപോര്‍ട് ചെയ്യപ്പെട്ട നാലിടത്തെ കിണര്‍ വെള്ളത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. എന്നാല്‍ ഭക്ഷ്യ വിഷബാധയേറ്റ ആരിലും കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അതേസമയം പ്രദേശത്ത് ആര്‍ക്കും കോളറ ലക്ഷണങ്ങളില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പരിശോധനയില്‍ പെരുമണ്ണയിലെ ഒരു കിണറിലും നരിക്കുനിയിലെ മൂന്ന് കിണറുകളിലുമാണ് വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഡിഎംഒ (ജില്ലാ മെഡികല്‍ ഓഫീസ്) അടിയന്തരമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്ത് ശുചീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ സൂപെര്‍വൈസര്‍മാരുടെ യോഗത്തിലാണ് നിര്‍ദേശം.
അതേസമയം, നരിക്കുനിയില്‍ രണ്ടര വയസുകാരന്‍ മരണപ്പെട്ടത് ഭക്ഷ്യ വിഷബാധ മൂലമാണെന്നാണ് മെഡികല്‍ കോളജ് ആശുപത്രിയുടെ പ്രാഥമിക റിപോര്‍ട്. പോസ്റ്റ്‌മോര്‍ടെം റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ ഇതില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്ന് ഡിഎംഒ ഡോ ഉമര്‍ ഫാറൂഖ് പറഞ്ഞു. കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും ജില്ലയില്‍ ഇതുവരെ ആര്‍ക്കും കോളറ സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കിണറുകളില്‍ ആരോഗ്യ വകുപ്പ് റാന്‍ഡം പരിശോധന നടത്തും.
നേരത്തെ നരിക്കുനിയിലെ പന്നിക്കോട്ടൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ യമീന്‍ മരിച്ചിരുന്നു. വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയായിരുന്നു മരണം. യമീന്‍ അടക്കം 11 കുട്ടികളിലാണ് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കാക്കൂര്‍, നരിക്കുനി, താമരശേരി എന്നിവിടങ്ങളിലെ കിണറുകളിലാണ് പരിശോധന നടത്തിയത്. കാക്കൂര്‍ കുട്ടമ്പൂരിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്നാണ് വിവാഹത്തിനുള്ള ഭക്ഷണം എത്തിച്ചത്. ഭക്ഷ്യ സുരക്ഷാ വിഭാഗം അന്നുതന്നെ കടയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയും വെള്ളത്തിന്റെ സാംപിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
വധുവിന്റേയും വരന്റെയും വീട്ടിലെ കിണറുകളിലും കാറ്ററിങ് സ്ഥാപനം വെള്ളം ശേഖരിച്ച കിണറിലും കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ മരിച്ച കുട്ടിക്കും ആശുപത്രിയിലായ കുട്ടികള്‍ക്കും കോളറയുടെ ലക്ഷണമില്ലായിരുന്നു.
Powered by Info News For You

Comments
Post a Comment