പേര് മാറ്റത്തിന് പിന്നാലെ മറ്റൊരു നിര്‍ണായക തീരുമാനം; ഫേഷ്യല്‍ റെകഗ്‌നിഷന്‍ സംവിധാനം നിര്‍ത്തലാക്കുകയാണെന്ന് ഫേസ്ബുക്; ഒരു ബില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപനം
മെന്‍ലോ പാര്‍ക്: (www.kvartha.com 03.11.2021) കമ്പനിയുടെ ഘടന മാറ്റുകയും മാതൃകമ്പനിയുടെ പേര് മാറ്റി 'മെറ്റ' എന്നുമാക്കിയതിന് പിന്നാലെ മറ്റൊരു നിര്‍ണായക പ്രഖ്യാപനവുമായി സോഷ്യല്‍ മീഡിയ ഭീമന്‍. ഫേഷ്യല്‍ റെകഗ്‌നിഷന്‍ സംവിധാനം നിര്‍ത്തലാക്കുകയാണെന്ന് ഫേസ്ബുക് അറിയിച്ചു. ഒരു ബില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ നീക്കം ചെയ്യുമെന്നാണ് സമൂഹമാധ്യമത്തിന്റെ പ്രഖ്യാപനം.
സമൂഹത്തില്‍ നിന്നുയര്‍ന്നു വരുന്ന ആശങ്കകള്‍ ഉള്‍കൊണ്ടാണ് തീരുമാനം എന്ന് ഫേസ്ബുകിന്റെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് വൈസ് പ്രസിഡന്റ് ജെറോമി പെസെന്റി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ഫേസ്ബുകിന്റെ ചരിത്രത്തിലെ തന്നെ എറ്റവും നിര്‍ണായകമായ തീരുമാനമങ്ങളിലൊന്നാണ് ഇത്. നിലവില്‍ ഫേഷ്യല്‍ റെകഗ്‌നിഷന് സമ്മതം അറിയിച്ചിട്ടുള്ള ഉപയോക്താക്കളെ ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്നത് ഇതോടെ നിര്‍ത്തുകയാണ്.
ഫേഷ്യല്‍ റെകഗ്‌നിഷന്‍ സാങ്കേതിക വിദ്യയ്ക്ക് ഭാവിയില്‍ നിര്‍ണായക സ്ഥാനമുണ്ടാവുമെന്ന് വിശ്വസിക്കുന്നു. പക്ഷേ നിലവില്‍ ഈ വിവരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗരേഖകളും നിയമങ്ങളും ഇല്ലാത്തതിനാലാണ് ഈ നീക്കമെന്ന് ഫേസ്ബുക് വിശദീകരിക്കുന്നു.
ഫേസ്ബുക് വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഫേഷ്യല്‍ റെകഗ്‌നിഷന്‍ സംവിധാനം ഭരണകൂടങ്ങള്‍ തന്നെ തെറ്റായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ തീരുമാനം.
Powered by Info News For You

Comments
Post a Comment