പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു
കണ്ണൂര്‍: (www.kvartha.com 16.11.2021) പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ്(78) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുലര്‍ചെ മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് നാലിന് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍.
1976ല്‍ ഇന്‍ഡ്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ദൂരദര്‍ശനില്‍ ചെന്നൈ നിലയത്തില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭയാണ് പീര്‍ മുഹമ്മദ്.
എ ടി ഉമറിന്റെ സംഗീതത്തില്‍ 'കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാല്‍...' (സിനിമ: അന്യരുടെ ഭൂമി), കെ രാഘവന്റെ സംഗീതത്തില്‍ 'നാവാല്‍ മൊഴിയുന്നേ...' (തേന്‍തുള്ളി) എന്നീ സിനിമാഗാനങ്ങള്‍ പാടി. ഒട്ടകങ്ങള്‍ വരിവരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപെര്‍ ഹിറ്റ് ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്.
1945 ജനുവരി എട്ടിന് തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള 'സുറണ്ടൈ' ഗ്രാമത്തിലാണ് പീര്‍ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബല്‍കീസായിരുന്നു മാതാവ്. തലശേരിക്കാരനായ അസീസ് അഹ് മദ് പിതാവും. നാലു വയസുള്ളപ്പോള്‍ പിതാവുമൊത്ത് അദ്ദേഹം തലശേരിയിലെത്തി. നാലായിരത്തിലേറെ പാട്ടുകള്‍ക്കു സംഗീതം നല്‍കിയ പീര്‍ മുഹമ്മദ് സംഗീതം പഠിച്ചിട്ടേയില്ലെന്നത് ശ്രദ്ധേയമാണ്.
പാട്ടുകളോട് വലിയ ഇഷ്ടമുണ്ടായിരുന്നു പീര്‍ മുഹമ്മദിന്റെ ബാല്യത്തിന്. എപ്പോഴും പാടിക്കൊണ്ടേയിരുന്ന കുട്ടി അങ്ങനെ തലശേരി ജനതസംഗീതസഭയില്‍ എത്തി. അക്കാലത്തെ വലിയ ഗായകസംഘമായിരുന്നു ജനതസംഗീതസഭ. അവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് പീര്‍ മുഹമ്മദ് നിറയെ ആരാധകരുള്ള ഒരു ഗായകനായി മാറുന്നത്.
എട്ടാം വയസിലായിരുന്നു ആദ്യവേദി. മുഹമ്മദ് റഫിയുടെതടക്കം സിനിമാഗാനങ്ങളാണ് അക്കാലത്ത് വേദിയില്‍ പാടിയത്. പി ടി അബ്ദുര്‍റഹ് മാന്റെ വരികളാണ് പാടിയവയില്‍ ഏറെയും. തമിഴ് മുരുക ഭക്തിഗാനങ്ങളും ഇദ്ദേഹം പാടിയിട്ടുണ്ട്. കേരളത്തിലും ഗള്‍ഫിലും വീറും വാശിയുമുള്ള മാപ്പിള ഗാനമേള മല്‍സരങ്ങളില്‍ വിജയിയായിട്ടുണ്ട്.
കേരള ഫോക്ലോര്‍ അകാഡെമി അവാര്‍ഡ്, എ വി മുഹമ്മദ് അവാര്‍ഡ്, ഒ അബു ഫൗന്‍ഡേഷന്‍ അവാര്‍ഡ്, മുസ്ലീം കള്‍ചറല്‍ സെന്റര്‍ അവാര്‍ഡ്, ആള്‍ കേരള മാപ്പിള സംഗീത അകാഡെമി അവാര്‍ഡ്, കേരള മാപ്പിള കല അകാഡെമി അവാര്‍ഡ്, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment