മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍കാരിന്റെ പ്രഖ്യാപിത നിലപാട് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതുതന്നെയാണ്; സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി സര്‍കാര്‍ ഒരു നടപടിയും കൈക്കൊള്ളില്ല; മന്ത്രി എകെ ശശീന്ദ്രന്‍


തിരുവനന്തപുരം: (www.kvartha.com 08.11.2021) ബേബി ഡാമിന്റെ പരിസരത്ത് 23 മരങ്ങള്‍ മുറിക്കുവാനായി തമിഴ്നാട് ജലവിഭവ വകുപ്പിലെ എക്സിക്യൂടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. പ്രിന്‍സിപല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറെസ്റ്റ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഈ വര്‍ഷം നവംബര്‍ അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍കാരിന്റെ ശ്രദ്ധയില്‍ വന്നത് നവംബര്‍ ആറിനാണ്. 

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ സര്‍കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തരപ്രമേയത്തിന്  വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മറുപടി പറഞ്ഞു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മേല്‍പ്പറഞ്ഞ ഉത്തരവ് നവംബര്‍ ഏഴിന് ഞായറാഴ്ച അവധി ദിവസമായിരിന്നിട്ടുകൂടി മരവിപ്പിച്ചുകൊണ്ട് വനംവകുപ്പ് സെക്രടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍കാരിന്റെ പ്രഖ്യാപിത നിലപാട് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതുതന്നെയാണ്. സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിട്ടുണ്ട്. നിയമസഭ പ്രമേയങ്ങളുടെ അന്തഃസത്ത ഉള്‍കൊള്ളുന്ന സംസ്ഥാന സര്‍കാര്‍ ബഹു. സുപ്രീംകോടതി മുമ്പാകെ സ്വീകരിച്ചിട്ടുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായ സമീപനം സര്‍കാരിന്റെ ഭാഗത്തുനിന്നും ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി സര്‍കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്ന പ്രശ്നമേ ഉദിക്കുന്നില്ല. നിലവില്‍ സുപ്രീംകോടതിയില്‍ ഹിയറിംഗിലുള്ള കേസില്‍ സംസ്ഥാന സര്‍കാരിന്റെ നിലപാട് ശക്തമായ രീതിയില്‍ തന്നെ വ്യക്തമാക്കിക്കൊണ്ട് നോട്ടും മറുപടി സത്യവാങ്മൂലവും ഫയല്‍ ചെയ്തിട്ടുണ്ട്.

News, Kerala, State, Thiruvananthapuram, Thiruvanchoor Radhakrishnan, Minister, Mullaperiyar Dam, Mullaperiyar, Politics, Thiruvanchoor Radhakrishnan's emergency resolution Minister AK Saseendran replied


മറുപടി സത്യവാങ്മൂലത്തിന്റെ ഖണ്ഡിക 17 ല്‍ തമിഴ്നാടിന്റെ മരംമുറിക്കാനുള്ള ആവശ്യം പരിഗണിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കടുവസങ്കേതത്തിന്റെ ഭാഗമായതിനാല്‍ മരം മുറിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നാഷനല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിന്റെ സ്റ്റാന്‍ഡിംഗ് കമിറ്റിയുടെ അനുവാദവും ആവശ്യമാണ്. 

ഇതിന് പുറമെ 1980 ലെ വനംസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും ആവശ്യമാണ്. ഈ അനുമതികള്‍ തമിഴ്നാട് ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ ആവശ്യം പരിഗണിക്കാനാവില്ലെന്ന് മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖണ്ഡിക 17 താഴെപറയും പ്രകാരമാണ്:

'.............The cutting of trees from the Tiger Reserve which is a part of the sanctuary is subject to grant of clearance by the Ministry of Environmental and Forests, Government of India and other statutory authorities concerned. Tamil Nadu has to obtain approval from Standing Committee of National Board of Wild Life. (Wildlife clearance) and Environmental clearance in addition to Forest clearance under Forest Conservation Act 1980, for diversion of forest land........... the proposal was resubmitted by the User Agency without providing required details of wildlife clearance and without rectifying the defects'


ഇതിനു പുറമെ കഴിഞ്ഞ ഫെബ്രുവരി 19ന് ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ യോഗത്തില്‍ തമിഴ്നാടിലെയും കേരളത്തിലെയും വനം-വന്യജീവി വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ എല്ലാ സംശയങ്ങള്‍ക്കും വ്യക്തത വരുത്തണമെന്ന് സമിതിയുടെ ചെയര്‍മാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സംയുക്ത പരിശോധന നടന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നതിനായാണ് മേല്‍പ്പറഞ്ഞ ഉത്തരവ് അടിയന്തിരമായി മരവിപ്പിച്ചിരിക്കുന്നതെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കി.

സര്‍കാര്‍ ബഹു. സുപ്രീംകോടതി മുമ്പാകെ സ്വീകരിച്ച നിലപാടിന് അനുസൃതമല്ലാത്ത ഒരു ഉത്തരവും ഏത് ഉദ്യോഗസ്ഥന്‍ പുറപ്പെടുവിച്ചാലും നിലനില്‍ക്കുന്നതല്ല. നവംബര്‍ അഞ്ചിലെ ഉത്തരവ് മരവിപ്പിച്ചിരിക്കെയാണ് ഇത് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ആവശ്യമായ കേന്ദ്രസര്‍കാര്‍ അനുമതികളും ഉണ്ടായിരുന്നോ എന്ന് വിശദമായും സമയബന്ധിതമായും സര്‍കാര്‍ പരിശോധിക്കുന്നതാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്ക് കോട്ടം വരുന്നതും കേരളത്തിന്റെ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്നതുമായ ഒരു നിലപാടും സര്‍കാര്‍ സ്വീകരിച്ചിട്ടില്ല. സ്വീകരിക്കുകയുമില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 2006 ലും 2014 ലും രണ്ട് കേസുകള്‍ ബഹു. സുപ്രീംകോടതി തീര്‍പാക്കിയിട്ടുണ്ട്. രണ്ട് വിധിയും വന്നത് യു ഡി എഫ് ഭരണകാലത്താണ്. 2006 ലെ വിധിയിലാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന് ഡാം സുരക്ഷ പരിശോധിച്ച ശേഷം വിഗദ്ധരുടെ അഭിപ്രായം തേടി 152 അടി ആക്കാമെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. 

അതേസമയം, കേരളം നിലവിലെ കേസിലും പുതിയ ഡാം പണിയണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഭൂചലന മേഖലയിലുള്ളതും 126 വര്‍ഷം പഴക്കമുള്ളതുമായ ഇപ്പോഴത്തെ ഡാം മതിയായ സുരക്ഷ നല്‍കുന്നില്ല എന്ന ആശങ്ക സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. 136 അടിക്ക് മുകളില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ക്രമാതീതമായി ഡാമിന് നേരിടുന്ന മര്‍ദത്തെക്കുറിച്ചും സര്‍കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സര്‍കാരിന്റെ നിലപാട് മേല്‍പ്പറഞ്ഞ വസ്തുതകളില്‍ നിന്നും വ്യക്തമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തരപ്രമേയത്തിന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മറുപടി നല്‍കി. 

Keywords: News, Kerala, State, Thiruvananthapuram, Thiruvanchoor Radhakrishnan, Minister, Mullaperiyar Dam, Mullaperiyar, Politics, Thiruvanchoor Radhakrishnan's emergency resolution Minister AK Saseendran replied

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?