ഐഡിയൽ ഐസ്‌ക്രീം സ്ഥാപകൻ പ്രഭാകർ കാമത്ത് അന്തരിച്ചു; വിടവാങ്ങിയത് രുചിക്കൂട്ടുകൾ സ്വയം പഠിച്ച് സ്ഥാപനത്തെ മംഗ്ളൂറിലെ ഏറ്റവും പ്രസിദ്ധമായ ബ്രാൻഡാക്കി മാറ്റിയ പ്രതിഭ
മംഗ്ളുറു: (www.kasargodvartha.com 06.11.2021) ഐഡിയൽ ഐസ്‌ക്രീം സ്ഥാപകൻ പ്രഭാകർ കാമത് (79) അന്തരിച്ചു. ഒക്‌ടോബർ 28 നുണ്ടായ വാഹനാപകടത്തിൽ പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലർച്ചെ 3.30 നാണ് മരണപ്പെട്ടത്.
മംഗ്ളൂറിലെ ഏറ്റവും പ്രസിദ്ധമായ ബ്രാൻഡുകളിൽ ഒന്നായി ഐഡിയൽ ഐസ്‌ക്രീം മാറ്റിയ പ്രതിഭയാണ് പ്രഭാകർ കാമത്. വർഷം മുഴുവനും ആവശ്യക്കാരുള്ള കൂടുതൽ സുരക്ഷിതമായ ഒരു ബിസിനസ് സ്ഥാപനത്തെ കുറിച്ച് ചിന്തിച്ചതിന് ശേഷമാണ് ഐസ് ക്രീം സ്ഥാപനം തുടങ്ങാൻ അദ്ദേഹം പദ്ധതിയിട്ടത്. സാധ്യമായ ഏറ്റവും മികച്ച ഐസ്‌ക്രീം നിർമിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അദ്ദേഹം, ഐസ്‌ക്രീം നിർമാണത്തിന്റെ കല സ്വയം പഠിക്കുകയും വീട്ടിൽ പരീക്ഷണങ്ങൾ നടത്തുകയും അയൽവാസികൾക്ക് നൽകി അവരുടെ അഭിപ്രായങ്ങൾ തേടുകയായിരുന്നു.
മൂന്ന് മാസത്തിന് ശേഷം, 1975 മെയ് ഒന്നിന് 14 തരം രുചികളോടെ അദ്ദേഹം മംഗ്ളൂറിലെ മാർകെറ്റ് റോഡിൽ ഐഡിയൽ പാർലർ ആരംഭിച്ചു. പിന്നെ നടന്നത് ചരിത്രമാണ്. ചുരുങ്ങിയ വർഷത്തിനുള്ളിൽ അദ്ദേഹം നിർമിച്ച ഐസ്ക്രീം മംഗ്ളൂറുകാരെ ത്രസിപ്പിച്ചു. ഐഡിയലിൽ നിന്ന് ഐസ്ക്രീം വാങ്ങുവാൻ ആളുകൾ ക്യൂവിൽ നിൽക്കുന്നതും പതിവ് കാഴ്ചയാണ്. പ്രസിദ്ധമായ 'ഗഡ്ബഡ്' ഐഡിയലിന്റെ സംഭാവനയാണ്. ഇന്ന്, ഐഡിയലിന് മംഗ്ളുറു നഗരത്തിൽ മാത്രം അഞ്ച് പാർലറുകളുണ്ട്. അതിലൊന്ന് രാജ്യത്തെ ഏറ്റവും വലിയ ഐസ്ക്രീം പാർലറാണ്. മംഗളൂറും കടന്ന് കേരളമടക്കം വിവിധ സഥലങ്ങളിലേക്ക് അത് വ്യാപിച്ച് കിടക്കുന്നു. 'പബ്ബ മാം' എന്നറിയപ്പെടുന്ന പ്രഭാകർ കാമതിന് ഭാര്യയും ഒരു മകനും രണ്ട് മകളുമുണ്ട്.
Keywords: News, Karnataka, Mangalore, Dead, Obituary, Accident, Hospital, Top-Headlines, Ideal ice cream, Ice cream, Prabhakar Kamath, Passed, Founder, Ideal ice cream founder Prabhakar Kamath passed away.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment