കനത്ത മഴയില്‍ കര്‍ണാടകയിലെ പ്രമുഖ ഗവേഷണ കേന്ദ്രത്തില്‍ വെള്ളം കയറി; നിരവധി ഗവേഷണ സാമഗ്രികളും റിപോര്‍ടുകളും നശിച്ചതായി വിലയിരുത്തല്‍
ബെംഗ്‌ളൂറു: (www.kvartha.com 23.11.2021) കനത്ത മഴയില്‍ കര്‍ണാടകയിലെ പ്രമുഖ ഗവേഷണ കേന്ദ്രത്തില്‍ വെള്ളം കയറി. ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസേര്‍ച് ആണ് വെള്ളത്തിലായത്. ഇൻസ്റ്റിറ്റ്യൂടിന്റെ റിസേര്‍ച് റൂമിലും വെള്ളം കയറി. ഈ വെള്ളപ്പൊക്കം കാരണം നിരവധി ഗവേഷണ സാമഗ്രികളും റിപോര്‍ടുകളും നശിച്ചതായാണ് വിലയിരുത്തല്‍. വെള്ളം പൂര്‍ണമായി വറ്റിയാല്‍ മൂല്യനിര്‍ണയ നടപടികള്‍ ആരംഭിക്കും.
കര്‍ണാടകയില്‍ തിങ്കളാഴ്ച രാത്രി പെയ്ത മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. അടിഞ്ഞുകൂടിയ വെള്ളം തിരിച്ചുവിടാന്‍ ബദല്‍ മാര്‍ഗങ്ങളില്ലാത്ത തടാകത്തിനോട് നിര്‍മിച്ച അപാര്‍ടുമെന്റുകളിലും പരിസരങ്ങളിലുമാണ് വെള്ളക്കെട്ട് കൂടുതലും ഉണ്ടായത്. നിരവധി വീടുകളില്‍ വെള്ളം കയറി. അപാര്‍ട്‌മെന്റുകളുടെ ബേസ്‌മെന്റില്‍ പാര്‍ക് ചെയ്തിരുന്ന നിരവധി കാറുകളും വെള്ളപ്പൊക്കത്തില്‍ മുങ്ങി.
വടക്കന്‍ ബെംഗ്‌ളൂറിലെ പല സ്ഥലങ്ങളിലും ആളുകളെ രക്ഷിക്കാന്‍ ബോടുകള്‍ വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്) വെള്ളം പുറന്തള്ളാന്‍ വേണ്ട നടപടികളിലാണ്.
ബംഗാള്‍ ഉള്‍കടലില്‍ നിന്നുള്ള ന്യൂനമര്‍ദമാണ് തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കനത്ത മഴയ്ക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് കര്‍ണാടകയിലും കനത്ത മഴ പെയ്തത്.
Powered by Info News For You

Comments
Post a Comment