'കാറിന് ഫാന്‍സി നമ്പര്‍ പ്ലേറ്റും ഹരിയാന രെജിസ്‌ട്രേഷനും, അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണ് ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളത്'; ജോജുവിനെതിരെ പരാതി
കൊച്ചി: (www.kvartha.com 04.11.2021) നടന്‍ ജോജു ജോര്‍ജിനെതിരെ പരാതിയുമായി കളമശേരി സ്വദേശി മനാഫ് പുതുവായില്‍. ജോജു ജോര്‍ജ് നിയമം പാലിക്കാതെയാണ് രണ്ട് കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് മനാഫ് എറണാകുളം ആര്‍ ടി ഒയ്ക്ക് പരാതി നല്‍കി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണ് ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.
മറ്റൊരു കാര്‍ ഹരിയാന രെജിസ്‌ട്രേഷനിലുള്ളതാണെന്നും കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ രെജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ ടി ഒ പി എം ശെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ ടി ഒയ്ക്ക് കൈമാറി.
അതേസമയം, കോണ്‍ഗ്രസ് ഉപരോധത്തില്‍ പ്രതിഷേധിച്ച് റോഡിലിറങ്ങിയ നടന്‍ ജോജു ജോര്‍ജ് മാസ്‌ക് ധരിക്കാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പകര്‍ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി പി വൈ ശാജഹാനും പരാതി നല്‍കിയിട്ടുണ്ട്. ജോജുവിനെതിരെയുള്ള പരാതികളും പരിശോധിക്കുമെന്നും തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ഡി സി പി ഐശ്വര്യ ഡോംഗ്രെ പറഞ്ഞു.
അതിനിടെ, ജോജുവിന്റെ കാര്‍ തല്ലിപ്പൊളിച്ച സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി ജി ജോസഫി(47)നെ റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയടക്കം 15 നേതാക്കള്‍ക്കും കണ്ടാല്‍ തിരിച്ചറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു. ജോജുവിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ ഇതുവരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടില്ല.
Powered by Info News For You

Comments
Post a Comment