പെട്രോളിനും ഡീസലിനും മുകളിലുള്ള സംസ്ഥാന നികുതി കുറയ്‌ക്കേണ്ടതില്ല; ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് സിപിഎം
തിരുവനന്തപുരം: (www.kvartha.com 04.11.2021) പെട്രോളിനും ഡീസലിനും മുകളിലുള്ള സംസ്ഥാന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറിയേറ്റ്. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പാര്‍ടി വിലയിരുത്തുന്നത്.
അധിക നികുതി കേന്ദ്രം പൂര്‍ണമായി പിന്‍വലിക്കണമെന്ന് സി പി എം ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, കേരളത്തില്‍ ഇന്ധന നികുതി കുറക്കില്ലെന്ന് ഇതിനകം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ എക്‌സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഡീസലിന് സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ല, എന്നാല്‍ ഒരു തവണ കുറച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട ധനമന്ത്രി പോകെറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്രം പറയുന്നത് എന്നും കുറ്റപ്പെടുത്തി.
അടുത്തിടെയായി 30-32 രൂപയില്‍ അധികമാണ് ഇന്ധന വിലയില്‍ കേന്ദ്രം വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതില്‍നിന്ന് അഞ്ചു രൂപയുടെ ഇളവാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരത്തില്‍ വലിയ വര്‍ധന വരുത്തി അതില്‍ കുറച്ച് കുറയ്ക്കുകയാണ് ഇപ്പോള്‍ ചെയ്തത്. പോകെറ്റടിക്കാരന്‍ മോഷ്ടിച്ച ശേഷം വണ്ടിക്കൂലി നല്‍കുന്ന പോലെയാണ് ഇതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം ഇതേ കാലയളവില്‍ കേരളം ഇന്ധന നികുതിയില്‍ വര്‍ധന വരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ എക്സൈസ് നികുതി കൂട്ടിയതില്‍നിന്നുള്ള വരുമാനത്തിന്റെ പങ്ക് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്നില്ല. സംസ്ഥാനം നഷ്ടം സഹിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗം ഇന്ധനമാണെന്നും കഴിഞ്ഞ കാലങ്ങളില്‍ ഏകദേശം 8,000 കോടിയോളം രൂപയാണ് ഈയിനത്തില്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ദീപാവലിയോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രിയാണ് കേന്ദ്രസര്‍കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂടി യഥാക്രമം അഞ്ച് രൂപയും പത്ത് രൂപയും കുറച്ചത്. എന്നാല്‍ കേരളത്തില്‍ വ്യാഴാഴ്ച പെട്രോള്‍ ലിറ്ററിന് 6.57 പൈസയും ഡീസല്‍ ലിറ്ററിന് 12.33 പൈസയും കുറഞ്ഞിട്ടുണ്ട്. കേന്ദ്രത്തിന്റെ നികുതിയിളവിന് ആനുപാതികമായ കുറവ് സംസ്ഥാനം വരുത്തിയത് കൊണ്ടാണ് ഇതെന്നു ബാലഗോപാല്‍ വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment