ഇന്‍ഡ്യന്‍ ക്രികെറ്റ് താരങ്ങളുടെ ഭക്ഷണക്രമത്തില്‍ 'ഹലാല്‍' മാംസം നിര്‍ബന്ധമാക്കിയെന്ന റിപോര്‍ടുകള്‍ തള്ളി ബി സി സി ഐ; പോര്‍കോ ബീഫോ ഇഷ്ടമുള്ളതെല്ലാം കഴിക്കാം
ന്യൂഡെല്‍ഹി: (www.kvartha.com 24.11.2021) ഇന്‍ഡ്യന്‍ ക്രികെറ്റ് താരങ്ങളുടെ ഭക്ഷണക്രമത്തില്‍ 'ഹലാല്‍' മാംസം നിര്‍ബന്ധമാക്കിയെന്ന റിപോര്‍ടുകള്‍ തള്ളി ഇന്‍ഡ്യന്‍ ക്രികെറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). കഴിഞ്ഞ ദിവസം എന്‍ ഡി ടി വിയാണ് ഇത്തരമൊരു റിപോര്‍ടുകള്‍ കമന്റ് അടക്കം പുറത്തുവിട്ടത്. പിന്നീട് മറ്റ് മാധ്യമങ്ങളും വാര്‍ത്ത നല്‍കുകയായിരുന്നു.
എന്നാല്‍ താരങ്ങളുടെ ഭക്ഷണക്രമത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയെന്ന റിപോര്‍ടുകള്‍ തെറ്റാണെന്നും, അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കാമെന്നും വ്യക്തമാക്കിയിരിക്കയാണ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധൂമല്‍. ഭക്ഷണക്രമത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഡ്യന്‍ ക്രികെറ്റ് താരങ്ങളുടെ ഭക്ഷണക്രമത്തില്‍നിന്ന് പോര്‍ക്, ബീഫ് വിഭവങ്ങള്‍ ബിസിസിഐ വിലക്കിയെന്നായിരുന്നു റിപോര്‍ട്. മാത്രമല്ല, മാംസം ഉപയോഗിക്കുന്നവര്‍ അത് 'ഹലാല്‍' ആണെന്ന് ഉറപ്പുവരുത്തണമെന്നും ബിസിസിഐ നിര്‍ദേശിച്ചുവെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ അടക്കം റിപോര്‍ട് ചെയ്തിരുന്നു. ഇതോടെ, കടുത്ത വിമര്‍ശനവുമായി ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍, ഇത്തരമൊരു ഭക്ഷണക്രമത്തിന്റെ കാര്യം ബിസിസിഐ ചര്‍ച ചെയ്തിട്ടുപോലുമില്ലെന്ന് അരുണ്‍ ധൂമല്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു പ്രതികരിച്ചു. ബിസിസിഐ ചര്‍ച ചെയ്യാത്ത ഒരു കാര്യം എങ്ങനെയാണ് നിര്‍ദേശമായി പുറത്തിറക്കുകയെന്നും അദ്ദേഹം ചോദിച്ചു.
'എന്താണ് കഴിക്കേണ്ടത് എന്നതു സംബന്ധിച്ചോ, എന്താണ് കഴിക്കാന്‍ പാടില്ലാത്തതെന്നത് സംബന്ധിച്ചോ ബിസിസിഐ ഏതെങ്കിലും കളിക്കാരനോ ടീമിനോ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്' എന്നും ധൂമല്‍ വ്യക്തമാക്കി.
'ഇപ്പോള്‍ പ്രചരിക്കുന്ന ഭക്ഷണക്രമവും ബിസിസിഐ ചര്‍ച ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അത് താരങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയുമില്ല. കളിക്കാരെ എന്തൊക്കെയാണ് കഴിക്കേണ്ടതെന്നോ എന്തൊക്കെയാണ് ഉപേക്ഷിക്കേണ്ടതെന്നോ നിര്‍ബന്ധിക്കുന്ന പതിവ് ബോര്‍ഡിനില്ല. അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കാം' ധൂമല്‍ പറഞ്ഞു.
ബിസിസിഐ താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന റിപോര്‍ടുകള്‍ക്കു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചര്‍ചകളാണ് നടക്കുന്നത്. ഒരു വിഭാഗം ഇതിനെ അനുകൂലിച്ചും മറുവിഭാഗം പ്രതികൂലിച്ചും രംഗത്തുണ്ട്.
Keywords: BCCI Treasurer Dhumal Dismisses Reports About Team India's New Diet Plan, New Delhi, News, Cricket, Food, Media, BCCI, National.
Powered by Info News For You
Comments
Post a Comment