യുവാക്കള്‍ തൊഴിലന്വേഷകര്‍ മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവര്‍ കൂടിയാണ്; തനിക്ക് അധികാരം വേണ്ടെന്നും ജനങ്ങളെ സേവിച്ചാല്‍ മാത്രം മതിയെന്നും പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: (www.kvartha.com 28.11.2021) തനിക്ക് അധികാരം വേണ്ടെന്നും ജനങ്ങളെ സേവിച്ചാല്‍ മാത്രം മതിയെന്നും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മന്‍ കി ബാതി'ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിപാടിക്കിടെ കേന്ദ്രപദ്ധതിയായ ആയുഷ്മാന്‍ ഭാരത് യോജനയുടെ ഗുണഭോക്താവിനോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്‍ഡ്യയിലെ സ്റ്റാര്‍ടപ് മേഖലയുടെ വളര്‍ചയെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.
'ഇന്‍ഡ്യയുടെ വളര്‍ചയുടെ ചരിത്രത്തിലെ വഴിത്തിരിവിലാണ് നമ്മള്‍. യുവാക്കള്‍ തൊഴിലന്വേഷകര്‍ മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവര്‍ കൂടിയാണ്. ഇന്‍ഡ്യയില്‍ നിലവില്‍ 70ലധികം യൂനികോണുകള്‍ ഉണ്ട് (ഒരു ബില്യന്‍ ഡോളറിലധികം മൂല്യമുള്ള, സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ടപ് കമ്പനികളാണ് യൂനികോണ്‍ എന്നറിയപ്പെടുന്നത്). നൂതന ആശയങ്ങള്‍, വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള കഴിവ്, എന്തും ചെയ്യാനുള്ള ഊര്‍ജം എന്നിവയാണ് രാജ്യത്തെ യുവജനങ്ങള്‍ക്കുള്ള മൂന്നു സ്വഭാവ സവിശേഷതയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
1971ലെ യുദ്ധത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യ നേടിയ വിജയത്തിന്റെ 50-ാം വാര്‍ഷികാഘോഷം അടുത്ത മാസം നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സായുധ സേനയ്ക്ക് അദ്ദേഹം ആദരമര്‍പിച്ചു. ഡിസംബര്‍ 16 നാണ് നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കുന്നത്. ഇന്‍ഡ്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളെ സ്മരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
മുന്‍ പ്രസംഗങ്ങളിലെന്നപോലെ ഇത്തവണയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ ജീവിത രീതി തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കിയാണ് പ്രധാനമന്ത്രി പ്രഭാഷണം അവസാനിപ്പിച്ചത്.
Keywords: I don't want power, I want to serve people: PM Modi addresses nation in 83rd Mann ki Baat, New Delhi, News, Prime Minister, Narendra Modi, Military, COVID-19, National.
Powered by Info News For You
Comments
Post a Comment