പൊലീസ് ചീഫിന്റെ വാഹനത്തില്‍ അടിച്ചിട്ടോടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊന്നതാണെന്നാണ് ആരോപണം; മതാപിതാക്കളുടെ പരാതിയില്‍ കുമരകം പൊലീസ് കേസെടുത്തു
കോട്ടയം: (www.kvartha.com 11.11.2021) കുമരകത്ത് പൊലീസ് വാഹനത്തില്‍ അടിച്ചിട്ടോടിയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ മാതാപിതാക്കള്‍. വെച്ചൂര്‍ സ്വദേശിയായ ജിജോയെ പൊലീസ് കൊന്നതാണെന്നാണ് ആരോപണം. മതാപിതാക്കളുടെ പരാതിയില്‍ കുമരകം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വെച്ചൂര്‍ അച്ചിനകം സ്വദേശി ജിജോ ആന്റണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്രംപടിക്ക് സമീപം എ ടി എമിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ചീഫിന്റെ ഔദ്യോഗിക വാഹനത്തില്‍ അബദ്ധത്തില്‍ അടിച്ച ജിജോ പൊലീസാണെന്നറിഞ്ഞ് അടുത്തുള്ള ബാര്‍ ഹോടെലിലേക്ക് ഓടി കയറിയെന്ന് പൊലീസ് പറയുന്നു. പിന്നീട് പിറ്റേ ദിവസം രാവിലെ യുവാവിനെ ഹോടെലിന് പിന്നിലെ കാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം പൊലീസിന്റെ അടിയേറ്റെന്നാണ് മാതാപിതാക്കളുടെ ആരോപണം.
എന്നാല്‍ ആരോപണം നിഷേധിക്കുകയാണ് പൊലീസ്. സംഭവ ദിവസം ഹോടെല്‍ പരിസരത്ത് ഏറെ തിരഞ്ഞെങ്കിലും ജിജോയെ കണ്ടെത്തിയില്ലെന്നും തുടര്‍ന്ന് മടങ്ങിയെന്നും പൊലീസ് പറയുന്നു. ഇക്കാര്യം സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിറ്റേന്ന് ഹോടെലുകാരാണ് പിന്നിലെ കാനായില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയില്‍ യുവാവ് വലിയ മതില്‍ ചാടി കടക്കുന്നതിടെ കാനയില്‍ വീണ് മരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.
ജിജോയ്‌ക്കൊപ്പം ബൈകിലുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്ന വാര്‍ത്തയും പൊലീസ് തള്ളുന്നു. സുജിത്ത് കസ്റ്റഡിയിലുണ്ടെന്നും മരിച്ച ജിജോക്കെതിരെ അടിപിടി കേസ് നിലവിലുണ്ടെന്നും കുമരകം പൊലീസ് അറിയിച്ചു.
യുവാവിന്റെ ശ്വാസനാളത്തില്‍ ചെളിയും വെള്ളവും കയറിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ടെം റിപോര്‍ട് വ്യക്തമാക്കുന്നു. തലയ്ക്ക് പിന്നിലെ മുറിവ് ഉയരത്തില്‍ നിന്ന് വീണതിന്റേതാണെന്നും റിപോര്‍ട് പറയുന്നു.
Powered by Info News For You

Comments
Post a Comment