ശബരിമലയില്‍ തീര്‍ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി
പത്തനംതിട്ട: (www.kvartha.com 20.11.2021) ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. കനത്ത മഴയില്‍ പമ്പ ത്രിവേണി കരകവിഞ്ഞതോടെ ഭക്തര്‍ക്ക് നിലയ്ക്കലും പത്തനംതിട്ടയിലും തങ്ങാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത് ശബരിമല തീര്‍ഥാടനത്തിന് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ വിലക്ക് ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ വിലക്ക് നീക്കുകയായിരുന്നു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. ശബരിമല തീര്‍ഥാടകര്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഒരു ഷടെര്‍കൂടി ആറ് മണിക്ക് ഉയര്‍ത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. 2399.88 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ നിലവിലെ തുറന്ന ഷടെര്‍ കൂടുതല്‍ ഉയര്‍ത്തി 40 സെന്റിമീറ്ററില്‍ നിന്നും 80 ആക്കും.
അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ചയും വിവിധ ജില്ലകളില്‍ കനത്ത മഴ തുടരും. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതല്‍ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തില്‍ യെലോ, ഓറന്‍ജ്, റെഡ് അലേര്‍ടുകള്‍ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ് നല്‍കി.
ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. തിരുപതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപതിയിലേക്കുള്ള സന്ദര്‍ശനം തല്‍കാലത്തേക്ക് വിലക്കി. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നിരവധി തീര്‍ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോടെലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ഥാടകരെ സര്‍കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.
അതിനിടെ, ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ആനന്തപുരില്‍ കെട്ടിടം തകര്‍ന്ന് രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചു. ചിറ്റൂരില്‍ ഒഴുക്കില്‍പെട്ട് ഏഴ് പേര്‍ മരിച്ചു. നന്തല്ലൂരില്‍ 25 പേരെ കാണാതായി. കഡപയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 18 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതല്‍ അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.
Powered by Info News For You

Comments
Post a Comment