മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസ്: ട്രാഫിക് ഐജി ജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: (www.kvartha.com 10.11.2021) പുരാവസ്തു തട്ടിപ്പ് കേസിലെ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ ട്രാഫിക് ഐജി ഗുഗുല്ലോത്ത് ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി രാവിലെ ഒപ്പിട്ടു. പൊലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഐജിയെ സസ്പെന്‍ഡ് ചെയ്തത്.
ജനുവരിയില്‍ എ ഡി ജി പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്‌പെന്‍ഷന്‍. 2010 ബാച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ഐജി ജി ലക്ഷ്മണ്‍. ലക്ഷ്മണിനെതിരെ ക്രൈം ബ്രാഞ്ച് ശക്തമായ തെളിവുകള്‍ കണ്ടെത്തിയിരുന്നു.
ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനി സുജാതക്കൊപ്പം ഐജി മോന്‍സനിന്റെ വീട്ടില്‍ താമസിച്ചു എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അറസ്റ്റിന് തൊട്ടുമുന്‍പുവരെ മോന്‍സനും ഐജിയും ഒരുമിച്ച് ഉണ്ടായിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. ആന്ധ്രാ സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിയാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
പുരാവസ്തുക്കളില്‍ ചിലത് തിരുവനന്തപുരത്ത് എത്തിക്കാന്‍ ആന്ധ്രാ സ്വദേശിനി ആവശ്യപ്പെട്ടെന്നും പിടിയിലാകുന്നതിന് മുന്‍പ് മോന്‍സന് എട്ട് പൊലീസുകാരുടെ സംരക്ഷണം നല്‍കിയെന്നും ലോക് ഡൗണ്‍ കാലത്ത് മോന്‍സന്‍ പറയുന്നവര്‍ക്കെല്ലാം ഐജി യാത്രാ പാസ് നല്‍കിയെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
ഓഗസ്റ്റ് അഞ്ചാം തീയതി മോന്‍സന്‍ മാവുങ്കലും ഐജിയും ആന്ധ്രാ സ്വദേശിനിയും തിരുവനന്തപുരം പൊലീസ് ക്ലബില്‍ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് ഡി ജി പി അനില്‍കാന്തിന് മൊമെന്റോ നല്‍കാനായി മോന്‍സന്‍ മാവുങ്കല്‍ പോയത്. ഇതിന് പിന്നിലും ഐജി ലക്ഷ്മണ്‍ ആയിരുന്നുവെന്നാണ് ആരോപണം. 2017 മുതല്‍ ഐജിക്ക് മോന്‍സനുമായി ബന്ധമുണ്ടായിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ മകളുടെ മനസമ്മതത്തിന്റെ അന്ന് എട്ട് പൊലീസുകാരെ ഇയാളുടെ സുരക്ഷക്കായി ഐജി നിയമിക്കുകയും ചെയ്തു. ഇതിന് ഐജി ഔദ്യോഗികമായി കത്ത് നല്‍കിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
മോന്‍സനെ അറസ്റ്റ് ചെയ്യുന്ന ദിവസം രാവിലെ മുതല്‍ തന്നെ ഐജി ഇയാളുടെ വീട്ടില്‍ ഉണ്ടായിരുന്നു. രാത്രി ഐജി മടങ്ങിയതിന് ശേഷമാണ് 16 പേരടങ്ങുന്ന ക്രൈം ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
Powered by Info News For You

Comments
Post a Comment