ഏകശിലാ ഭാഷാ സങ്കല്പം ഇന്‍ഡ്യയില്‍ പ്രചരിപ്പിക്കാനുള്ള തന്ത്രം ഭാരതീയ സംസ്‌കാരത്തിന് വെല്ലുവിളി: ഗുല്‍സാര്‍
ഖാസിം ഉടുമ്പുന്തല
ശാര്‍ജ: (www.kvartha.com 12.11.2021) ഏകശിലാ ഭാഷാ സങ്കല്പം ഭാരതത്തില്‍ പ്രചരിപ്പിക്കാനുള്ള തന്ത്രം ഭാരതീയ സംസ്‌കാരത്തിന് വെല്ലുവിളിയാണെന്ന് കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍ കുറ്റപ്പെടുത്തി.
ഭാഷകള്‍ ഇന്‍ഡ്യന്‍ സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നു. ഇന്‍ഡ്യയിലെ എല്ലാ ഭാഷകള്‍ക്കും മികച്ച സാംസ്‌കാരിക പൈതൃകമുണ്ട്. വിവിധ ഭാഷകളില്‍നിന്ന് കടം കൊണ്ടതാണ് ഇന്‍ഡ്യന്‍ സംസ്‌കാരം. അതിനുപകരം ഏകഭാഷ എന്ന നിലയിലേക്ക് പോകുന്നത് ഒരിക്കലും ആശാസ്യമല്ലെന്ന് ഗുല്‍സാര്‍ ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടന്ന പ്രഭാഷണത്തില്‍ പറഞ്ഞു.
ശുദ്ധ സംഗീതത്തിന് മനുഷ്യന്റെ വിഷാദ രോഗങ്ങള്‍ വരെ മാറ്റാനുള്ള കഴിവുണ്ടെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പക്ഷേ, ആധുനികസംഗീതം മനസ്സുകളെ വിപരീത ദിശയിലേക്കും നയിക്കുന്നുണ്ട്. വായനയോടൊപ്പം സംഗീതത്തിനും മനുഷ്യമനസ്സിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ആധുനിക സംഗീതമെന്ന രീതിയില്‍ പ്രചരിക്കുന്നവ മനുഷ്യഞരമ്പുകളെ ഉത്തേജിപ്പിക്കാന്‍ പര്യാപ്തമായതാണ്. പക്ഷേ, അത് മനസുകളെ നിഷ്‌ക്രിയമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കവിതകളും പുസ്തകങ്ങളും മനുഷ്യന്റെ ബൗദ്ധിക നിലയെ ഉത്തുംഗതയിലേക്ക് ഉയര്‍ത്താനുള്ളതാണ്. മനോഹരമായ കവിതകള്‍ മനുഷ്യന്റെ സാംസ്‌കാരികതലങ്ങളെ കൂടുതല്‍ സമ്പുഷ്ടമാക്കുന്നുണ്ട്. ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എത്തിയാല്‍ മനസ്സിലാകും പുസ്തകങ്ങള്‍ മനുഷ്യമനസിനെ എത്രമാത്രം കീഴടക്കുന്നുണ്ടെന്ന്. യുവ സമൂഹം സാഹിത്യരംഗത്ത് സമുന്നതമായ മുന്നേറ്റങ്ങള്‍ ഒരുക്കേണ്ടതുണ്ട്. യുവ സമൂഹത്തെ സ്വാധീനിക്കാന്‍ സാഹിത്യത്തിലെ നവമുകുളങ്ങള്‍ക്കേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
Keywords: Sharjah, News, Gulf, World, Book, Language, India, Challenges, Indian culture, Gulzar, Reported by Qasim Udumbunthala, Strategy to propagate monolithic language concept in India Challenges Indian culture: Gulzar
Powered by Info News For You

Comments
Post a Comment