തമിഴ്‌നാട്ടില്‍ കനത്ത മഴ; വെല്ലൂരില്‍ വീടിനുമേല്‍ മതിലിടിഞ്ഞുവീണ് 9 മരണം
ചെന്നൈ: (www.kvartha.com 19.11.2021) കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂരില്‍ വീടിന് മേല്‍ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം. അഞ്ചു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. മേഖലയില്‍ കനത്ത മഴ തുടരുകയാണ്. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് അപകടം.
പാലാര്‍ നദിക്കരയിലെ വീടാണ് ഇടിഞ്ഞു വീണത്. വെള്ളം കയറുന്നത് പരിഗണിച്ചു സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന മുന്നറിയിപ്പ് അവഗണിച്ച് വീട്ടില്‍ കഴിഞ്ഞവരാണ് അപകടത്തില്‍പെട്ടത്. സമീപത്തെ മതില്‍ ഇടിഞ്ഞു വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു.
സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കുപറ്റി. ഇവരെ അടുത്തുള്ള സര്‍കാര്‍ ആശുപത്രിയിലും വെല്ലൂര്‍ മെഡികല്‍ കോളജിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെ ആന്ധ്രാപ്രദേശില്‍ കനത്ത മഴ തുടരുകയാണ്. തിരുപ്പതി, മധുര നഗര്‍, ഗൊല്ലവാണി തുടങ്ങി നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് തിരുമല മലനിരകളിലേക്കുള്ള റോഡുകള്‍ അടച്ചു.
തിരുപ്പതി വിമാനത്താവളത്തേക്കുള്ള ലാന്‍ഡിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍, കടപ്പ ജില്ലകളില്‍ വെള്ളിയാഴ്ച രാവിലെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Keywords: Chennai, News, National, Death, Rain, House, Medical College, Injured, Nine die as wall of house collapses near Vellore
Powered by Info News For You

Comments
Post a Comment