'80 കുട്ടികള്‍ക്ക് തുന്നി നല്‍കിയ യൂനിഫോമിന്റെ കൂലിയായ 27500 രൂപ കിട്ടിയില്ല'; പണം നല്‍കാതെ തയ്യല്‍ തൊഴിലാളിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പറ്റിച്ചതായി പരാതി
മൂന്നാര്‍: (www.kvartha.com 22.11.2021) പണം നല്‍കാതെ തയ്യല്‍ തൊഴിലാളിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പറ്റിച്ചതായി പരാതി. ഇടമലക്കുടി ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ യൂനിഫോം തയ്ച്ച വകയിലെ കൂലിയായ 27500 രൂപ നല്‍കിയില്ലെന്നാണ് ബൈസണ്‍വാലി, പൊട്ടന്‍ കാട് സ്വദേശിയായ ബോബി ജോര്‍ജിന്റെ പരാതി. എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് പരാതിയുമായി രംഗത്തെത്തിയത്.
2020 ജനുവരിയിലാണ് ഇടമലക്കുടി ട്രൈബല്‍ സ്‌കൂളിലെ 80 കുട്ടികളുടെ സര്‍കാര്‍ നല്‍കിയ യൂനിഫോം വസ്ത്രങ്ങള്‍ തയ്ക്കുന്നതിനായി അന്നത്തെ ട്രൈബല്‍ ഇന്റലിജന്‍സ് ഓഫിസാറായിരുന്ന ഉദ്യോഗസ്ഥനാണ് ബോബിയെ ചുമതലപ്പെടുത്തിയത്.
ജനമൈത്രി പൊലീസിന്റെ ജനമൈത്രി ഫന്‍ഡില്‍ നിന്ന് പണം നല്‍കാമെന്നായിരുന്നു സ്‌കൂളിലെ അധ്യാപകരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്, അതിനാല്‍ പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം സ്വന്തം പണം മുടക്കി ടാക്സി ജീപില്‍ ഇടമലകുടിയിലെത്തി യൂനിഫോം വീട്ടിലെത്തിച്ചെന്ന് ബോബി പറഞ്ഞു.
വൈകാതെ കോവിഡ് ലോക് ഡൗണ്‍ എത്തിയെങ്കിലും പ്രധാനാധ്യാപകന്റെ നിര്‍ബന്ധം മൂലം ടൗണിലെ തയ്യല്‍കടയില്‍ നിന്നും മെഷീന്‍ വീട്ടിലെത്തിച്ച് രാത്രിയും പകലുമിരുന്ന് തയ്ച്ച് ഒക്ടോബറില്‍ വാഹനം പിടിച്ച് കുടിയിലെത്തിച്ചു നല്‍കിയെന്നും ഇതിനു ശേഷം പല തവണ ഈ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് പണിക്കൂലി ആവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
'ആദ്യമൊക്കെ നാളെ തരാം, പിന്നെ തരാം എന്ന് പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറി. പിന്നീട് ഫോണ്‍ വിളിച്ചാല്‍, നിനക്കെന്നാടാ പൊലീസിനെ വിശ്വാസമില്ലെയെന്നുള്‍പെടെയുള്ള തരത്തില്‍ ഭീഷണിയുടെ സ്വരത്തിലായി സംസാരം. ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത അവസ്ഥയാണ്. എസ്‌ഐയുടെ ആവശ്യപ്രകാരം ഏറ്റവും കുറഞ്ഞ കൂലിയ്ക്കാണ് യൂനിഫോം തയ്ച്ചു നല്‍കിയത്'- ബോബി പറഞ്ഞു.
ലോക് ഡൗണ്‍ കാലത്ത് അടച്ചിട്ടിരുന്ന കടകള്‍ തുറപ്പിച്ചു കടമായാണ് നൂലും ബടന്‍സും മറ്റും വാങ്ങിയതെന്നും ഈ പണം പോലും മടക്കി നല്‍കാന്‍ കഴിഞ്ഞില്ലെന്നും അയാള്‍ പറയുന്നു. രാത്രിയും പകലുമിരുന്ന് ചെയ്ത പണിയുടെ കൂലിനല്‍കാതെ പറ്റിച്ച രാജാക്കാട് സ്വദേശിയായ എസ്‌ഐയ്‌ക്കെതിരെ പൊലീസ് മേധാവിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ബോബി. സംഭവത്തില്‍ ഉന്നത പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment