വർഗീയ - വിദ്വേഷങ്ങളുടെ വിളനിലമായി ദക്ഷിണ കന്നഡ ജില്ല മാറുന്നുവോ?; 8 മാസത്തിനിടെ കുറഞ്ഞത് ഇത്തരം 71 കേസുകൾ റിപോർട് ചെയ്‌തതായി പഠനം; 'സാഹോദര്യം എന്ന സങ്കൽപ്പത്തെ പിഴുതെറിയുന്നു'

മംഗ്ളുറു: (www.kasargodvartha.com 22.11.2021) കഴിഞ്ഞ എട്ട് മാസത്തിനിടെ കുറഞ്ഞത് 71 വർഗീയ - വിദ്വേഷ കേസുകൾ ദക്ഷിണ കന്നഡ ജില്ലയിൽ റിപോർട് ചെയ്തതായി പഠന റിപോർട്. പീപിൾസ് യൂനിയൻ ഫോർ സിവിൽ ലിബർടീസ്, കർണാടക (പിയുസിഎൽ-കെ), ഓൾ ഇൻഡ്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് (എഐഎൽഎജെ), ഓൾ ഇൻഡ്യ പീപിൾസ് ഫോറം (എഐപിഎഫ്), ഗൗരിലങ്കേഷ് ന്യൂസ് ഡോട് കോം എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച റിപോർടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം ജനുവരി മുതലുള്ള എട്ട് മാസ കാലയളവിലെ കേസുകളാണ് പഠന വിധേയമാക്കിയത്.

  
Karnataka, Kerala, News, Mangalore, Top-Headlines, Case, Police, Report, Religion, Communal, Problems, Reports that at Least 71 Cases of Communal discord recorded in 8 Months in Dakshina Kannada.



ഈ വർഷം ജനുവരിയിൽ മംഗ്ളൂറിൽ മുസ്ലീകൾ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപക വിദ്വേഷ പ്രചാരണം നടന്നതായി റിപോർടിൽ പരാമർശിക്കുന്നു. ഹിന്ദുക്കളെ കൊല്ലാൻ ബോധപൂർവം വിഷം കലർത്തിയ ഉൽപന്നങ്ങൾ വിൽക്കുന്നു എന്നും അതിനാൽ ബ്യാരികൾ (മുസ്ലിംകളുടെ പ്രാദേശിക വാക്ക്) നടത്തുന്ന വഴിയോര സ്റ്റാളുകളിൽ നിന്ന് ഒന്നും വാങ്ങരുതെന്നുമായിരുന്നു പ്രചരിച്ച സന്ദേശങ്ങളിലെ ആരോപണം.

കുറച്ച് ദിവസങ്ങൾക്ക് ശേഷം മംഗ്ളൂറിലെ പുത്തൂർ പ്രദേശത്ത് ഒരു കഫേയിൽ നടന്ന ഒരു ജന്മദിന ആഘോഷത്തിൽ, വിവിധ മത വിഭാഗങ്ങളിലെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പങ്കെടുത്തെന്ന് ആരോപിച്ച് സംഘ്പരിവാർ സംഘടനയിൽ പെട്ട ഏതാനും പേർ അതിക്രമിച്ച് കയറി പ്രശ്‌നങ്ങൾ ഉണ്ടാക്കിയതായും റിപോർട് ചൂണ്ടിക്കാട്ടുന്നു.

ഓഗസ്റ്റിലെ മറ്റൊരു സംഭവത്തിൽ, ബസിൽ ബെംഗ്ളൂറിൽ നിന്ന് പുത്തൂരിലേക്ക് വരികയായിരുന്ന രണ്ട് ഹിന്ദു യുവതികളുടെ സീറ്റിന് പിറകിൽ ഒരു മുസ്ലിം യുവാവ് ഇരുന്നിട്ടുണ്ടെന്നും ഇയാൾ ആ പെൺകുട്ടികളുമായി ഫോണിലൂടെ ചാറ്റ് ചെയ്യുകയാണെന്നും ആരോപിച്ച് ഒരു സംഘം ബജ്‌റംഗ്ദൾ സംഘടനയിൽപെട്ട പ്രവർത്തകർ ബസിൽ കയറി ബഹളം വെക്കുകയും യുവാവിനെ തടയുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തതായും റിപോർട് പറയുന്നു. ഒടുവിൽ പൊലീസിൽ വിവരമറിയിച്ചങ്കിലും വീണ്ടും പരിശോധനയ്ക്ക് വിധേയമാവേണ്ടി വന്നത് മുസ്ലീം യുവാവായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഫോണിൽ സന്ദേശങ്ങളൊന്നും കണ്ടെത്താനായതുമില്ല.

ഇങ്ങനെയുള്ള അനവധി കേസുകളാണ് ചുരുങ്ങിയ കാലം കൊണ്ട് റിപോർട് ചെയ്യപ്പെട്ടത് എന്നത് ആശങ്കയുളവാക്കുന്നു. ദക്ഷിണ കന്നഡ ജില്ലയിൽ നടക്കുന്ന സാമ്പത്തിക ബഹിഷ്കരണത്തിന്റെയും നിർബന്ധിത സാമൂഹിക വേർതിരിവിന്റെയും വർഗീയ വിദ്വേഷത്തിന്റെയും പ്രതീകമാണ് ഇത്തരം സംഭവങ്ങളെന്ന് റിപോർട് പറയുന്നു. എന്നാൽ പൊലീസിന്റെ നിഷ്‌ക്രിയത്വവും ശിക്ഷാ നടപടികൾ എടുക്കുന്നതിലെ അലംഭാവവും സംഘ്പരിവാർ സംഘടനകൾക്ക് ഇത്തരം പ്രവർത്തനങ്ങൾ തുടരാൻ സഹായിക്കുന്നു എന്നത് കൂടുതൽ ആശങ്കാജനകമായ കാര്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.

മേഖലയിൽ എല്ലാ ദിവസവും വർഗീയ കലാപത്തിന്റെയും ഭീഷണിയുടെയും പുതിയ കേസുകൾ റിപോർട് ചെയ്യപ്പെടുന്നുണ്ടെന്ന് റിപോർട് തയ്യാറാക്കിയ സംഘത്തിലെ അംഗമായ പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ശബീർ അഹ്‌മദ്‌ പറയുന്നു. പരാതിക്കാർ മുന്നോട്ട് വരാൻ തയ്യാറാകാത്തതിനാൽ മിക്ക കേസുകളിലും നടപടിയെടുക്കുന്നതിൽ നിന്ന് പൊലീസ് ഒഴിഞ്ഞുമാറിയതായി അഭിഭാഷകനും മറ്റൊരു സംഘാംഗവുമായ മൈത്രേയി കൃഷ്ണൻ വ്യക്തമാക്കി. പിയുസിഎലിന്റെ മാനവി ആത്രി, എഐപിഎഫിലെ സ്വാതി ശേഷാദ്രി, ഗൗരി ലങ്കേഷ് ന്യൂസിലെ ശശാങ്ക് എസ് ആർ, വനിതാ സംരക്ഷണ പ്രവർത്തകയായ മനു ചൗധരി എന്നിവരും ഗവേഷണത്തിൽ പങ്കാളികളായിരുന്നു.

സാമൂഹിക വേർതിരിവ്, സാമ്പത്തിക ബഹിഷ്കരണം, ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങൾ, ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ അവകാശങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടങ്ങിയ കേസുകളാണ് പ്രധാനമായും ഉള്ളത്. റിപോർടിൽ കണ്ടെത്തിയ 71 കേസുകൾ മാധ്യമങ്ങളിൽ റിപോർട് ചെയ്തവയാണെന്നും ഇനിയും ധാരാളം ഉണ്ടെന്നും കൃഷ്ണൻ പറഞ്ഞു. വർധിച്ചുവരുന്ന വർഗീയ സംഭവങ്ങളുടെ ഫലം സാഹോദര്യം എന്ന സങ്കൽപത്തെ പൊളിച്ചെഴുതുകയും വേരോടെ പിഴുതെറിയുകയും ചെയ്യുന്നുവെന്ന് റിപോർട് നിരീക്ഷിക്കുന്നു.


Keywords: Karnataka, Kerala, News, Mangalore, Top-Headlines, Case, Police, Report, Religion, Communal, Problems, Reports that at Least 71 Cases of Communal discord recorded in 8 Months in Dakshina Kannada.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?