ദത്ത് വിവാദം: 5 ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിച്ച് ഡിഎന്‍എ പരിശോധന നടത്തും; 'ഒരുപാട് നാളായി കാത്തിരിക്കുന്ന സന്തോഷം', സമരം തുടരുമെന്ന് അനുപമ
തിരുവനന്തപുരം: (www.kvartha.com 18.11.2021) പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ പുതിയ വഴിത്തിരിവ്. കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തില്‍ എത്തിക്കണമെന്ന സി ഡബ്ല്യു സി (ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി)യുടെ പുതിയ ഉത്തരവ് ശിശുക്ഷേമ സമിതിക്ക് നല്‍കി. അതോടൊപ്പം കേരളത്തില്‍ എത്തിച്ച് കുഞ്ഞിന്റെ ഡി എന്‍ എ പരിശോധന നടത്തുന്ന കാര്യവും പരിഗണിക്കും.
നിലവില്‍ ആന്ധ്രയില്‍ ഒരു ദമ്പതികളുടെ ഫോസ്റ്റര്‍ കെയറിലാണ് കുട്ടി. നാട്ടിലെത്തിച്ചാല്‍ മാത്രമേ കുട്ടിയുടെ ഡി എന്‍ എ പരിശോധനയടക്കം നടത്താന്‍ കഴിയുകയുള്ളു. ഈ സാഹചര്യത്തിലാണ് കുട്ടിയെ തിരികെ എത്തിക്കാന്‍ സി ഡബ്ല്യു സി ഉത്തരവിറക്കിയത്. സിഡബ്ല്യൂസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമീഷനും വ്യക്തമാക്കി
കുഞ്ഞിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സന്തോഷമെന്നും ഒരുപാട് നാളായി കാത്തിരിക്കുന്ന കാര്യമാണെന്നും അനുപമ പറഞ്ഞു. അതേസമയം ആരോപണവിധേയര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരാനാണ് അനുപമയുടെ തീരുമാനം. കഴിഞ്ഞ 8 ദിവസമായി യുവതി ശിശുക്ഷേമ സമിതിയുടെ ഓഫീസിന് മുന്നില്‍ നിരാഹാര സമരം തുടരുന്നു.
അതിനിടെ കേസില്‍ ഒന്നാം പ്രതിയും അനുപമയുടെ പിതാവുമായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് അനുപമ പിതാവിനെതിരെ നല്‍കിയിരിക്കുന്ന കേസ്. കേസില്‍ അനുപമയുടെ മാതാവ് ഉള്‍പെടെ അഞ്ചു പ്രതികള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment