ചിറയില്‍ മുങ്ങിത്താഴുകയായിരുന്ന യുവതിയെയും 3 കുട്ടികളെയും രക്ഷിച്ച് എക്സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും
തളിപ്പറമ്പ്: (www.kvartha.com 28.11.2021) ചിറയില്‍ വീണ നാല് പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി എക്സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും. ഇന്ദു എന്ന വീട്ടമ്മയെയും മൂന്ന്, ആറ്, എട്ട് വയസുള്ള കുട്ടികളെയുമാണ് അയല്‍വാസി നളിനി, ഏഴോം കൊട്ടില സ്വദേശിയും തളിപ്പറമ്പ് എക്സൈസ് റേന്‍ജ് ഓഫിസെറുമായ എംപി അനു എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. കൊട്ടില ചിറയിലാണ് നാലുപേരും അപകടത്തില്‍പ്പെട്ടത്.
ഇന്ദുവും കുട്ടികളും മാതമംഗലത്തെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എട്ടും ആറും വയസുള്ള കുട്ടികളാണ് ആദ്യം ചിറയില്‍പ്പെട്ടത്. മൂന്ന് വയസുള്ള കുട്ടിയുമായി ഇന്ദു കരയില്‍ നില്‍ക്കുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ദുവും മൂന്ന് വയസുള്ള കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നു.
അപകട സമയം ചിറയില്‍ അലക്കാനെത്തിയതായിരുന്നു അനുവും നളിനിയും. നാല് പേരും മുങ്ങിത്താഴുന്നത് കണ്ട് ചിറയിലേക്ക് ചാടിയ ഇരുവരും മറ്റുള്ളവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. അവസരോചിതമായി ഇടപെട്ട അനുവിനെയും നളിനിയെയും നാട്ടുകാര്‍ അഭിനന്ദിച്ചു.
Powered by Info News For You

Comments
Post a Comment