3 വര്‍ഷംകൊണ്ട് ഭാര്യയുടെ സ്മരണയ്ക്കായി താജ്മഹലിന്റെ പകര്‍പ് നിര്‍മിച്ച് യുവാവ്
ഭോപാല്‍: (www.kvartha.com 22.11.2021) പ്രിയപ്പട്ടവര്‍ക്ക് തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാനായി ആളുകള്‍ പലപ്പോഴും പൂക്കള്‍, ചോക്ലേറ്റുകള്‍ തുടങ്ങിയ സമ്മാനങ്ങളാണ് തിരഞ്ഞെടുക്കാറ്. ചിലപ്പോള്‍ ചിലവേറിയ വിദേശ യാത്രയും അല്ലെങ്കില്‍ ഒരു ആഡംബര വസ്ത്രം നല്‍കിയും സ്‌നേഹം കാണിക്കുന്നു. ഇത്തരത്തില്‍ ഇണയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാന്‍ നിരവധി സമ്മാനങ്ങള്‍ ഉണ്ടെങ്കിലും, മധ്യപ്രദേശിലെ ഈ മനുഷ്യന്‍ വ്യത്യസ്തമായ സമ്മാനംകൊണ്ട് തന്റെ ഭാര്യയെ ശരിക്കും അമ്പരിപ്പിച്ചിരിക്കുകയാണ്.
മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി യമുനാ തീരത്ത് 22 വര്‍ഷമെടുത്ത് താജ്മഹല്‍ നിര്‍മിച്ചപ്പോള്‍, മധ്യപ്രദേശിലെ ബുര്‍ഹാര്‍പൂറില്‍ യുവാവ് ഭാര്യയ്ക്കായി താജ്മഹലിന് സമാനമായ സൗധം പണിതിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് ചോക്‌സേ എന്ന യുവാവാണ് മുംതാസ് മഹല്‍ മരണത്തിന് കീഴടങ്ങിയ നഗരത്തില്‍ തന്നെ പ്രണയ സമ്മാനം ഒരുക്കിയത്.
പശ്ചിമ ബംഗാളില്‍ നിന്നും ഇന്‍ഡോറില്‍ നിന്നുമുള്ള വിദഗ്ധരാണ് ബുര്‍ഹാന്‍പൂറില്‍ താജ്മഹലൊരുക്കാന്‍ സഹായിച്ചത്. വീടിനകത്തുള്ള കൊത്തുപണികള്‍ ഇവരാണ് ചെയ്തത്. 29 അടി ഉയരത്തിലാണ് വീടിന്റെ മുകളില്‍ താഴികക്കുടം ഒരുക്കിയിട്ടുള്ളത്. താജ്മഹലിന് സമാനമായി ഗോപുരങ്ങളും ഈ വീടിനുണ്ട്.
രാജസ്ഥാനില്‍ നിന്നെത്തിച്ച മക്രനയില്‍ ഫര്‍ണിചറുകളുണ്ടാക്കിയത് മുംബൈയില്‍ നിന്നുള്ള മരപ്പണി വിദഗ്ധരാണ്. താഴത്തെ നിലയില്‍ വലിയൊരു ഹാളും രണ്ട് കിടപ്പുമുറികളും സജ്ജീകരിച്ചിട്ടുണ്ട്. മുകള്‍ നിലയില്‍ രണ്ട് കിടപ്പുമുറിയും വലിയൊരു ലൈബ്രറിയും ധ്യാന മുറിയും ആണ് ഒരുക്കിയിരിക്കുന്നത്. താജ്മഹലിന് സമാനമായി ഇരുട്ടില്‍ തിളങ്ങുന്നത് പോലെയാണ് ഈ വീട്ടിലെ വെളിച്ചങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷമെടുത്താണ് താജ്മഹലിന്റെ രൂപത്തിലുള്ള വീട് ആനന്ദ് ചോക്‌സേ നിര്‍മിച്ചത്. താജ്മഹലിനേക്കുറിച്ച് വിശദമായി പഠിച്ച ശേഷമായിരുന്നു അതേ രൂപത്തില്‍ നാല് കിടപ്പുമുറികളോട് കൂടിയ വീട് നിര്‍മിച്ചതെന്നാണ് എന്‍ജിനീയര്‍ വിശദമാക്കുന്നത്.
എന്തായാലും മധ്യപ്രദേശിലെ മിനി താജ്മഹല്‍ കാണാന്‍ നിരവധിപ്പേരാണ് എത്തുന്നത്.
Powered by Info News For You

Comments
Post a Comment