വില്ലനായി മഴ; ശബരിമലയിലേക്കുള്ള പാതകളില്‍ ഗതാഗതം ദുഷ്‌കരമാകും; കനത്തമഴയില്‍ പല പാതകളും തകര്‍ന്നനിലയില്‍; മണ്ഡലവിളക്ക് 16 ന്
പത്തനംതിട്ട: (www.kvartha.com 15.11.2021) മണ്ഡലവിളക്ക് പൂജകള്‍ക്കായി ശബരിമല സന്നിധാനം ചൊവ്വാഴ്ച ഭക്തര്‍ക്കായി തുറന്നുകൊടുക്കാനിരിക്കെ കനത്ത മഴ അതിന് തടസമാകും. കനത്തമഴയെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള പല പ്രധാന പാതകളും തകര്‍ന്ന നിലയിലാണുള്ളത്. അതുകൊണ്ടുതന്നെ സന്നിധാനത്തിലേക്കുള്ള യാത്ര ഭക്തര്‍ക്ക് ദുസഹമാകും. അച്ചന്‍കോവിലാര്‍ പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. കൂടാതെ ചെറുതോടുകളും കനാലുകളും കരകവിഞ്ഞ് ഒഴുകുന്നു. പത്തനംതിട്ട ജില്ലയില്‍ ഇടവിട്ട് പരക്കെ മഴയുമുണ്ട്.
ശബരിമല പാതയില്‍ മണ്ണിടിച്ചില്‍ സാധ്യതയും മരം കടപുഴകി വീഴാനുള്ള സാധ്യതയുമുണ്ട്. ഇത് മുന്‍നിര്‍ത്തി, പ്രശ്നങ്ങളുണ്ടായാല്‍ അത് അതിവേഗം നീക്കുന്നതിന് പി ഡബ്ല്യൂ ഡി ജെ സി ബി അടക്കമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
പന്തളം-പത്തനംതിട്ട- മാവേലിക്കര പാതയില്‍ പലയിടത്തും റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന പ്രധാനപാതകളിലൊന്നാണ് ഇത്. ജില്ലയുടെ അകത്തുനിന്നും പുറത്തുനിന്നും എത്തുന്ന ഭക്തര്‍ പന്തളം വലിയകോയിക്കല്‍ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശബരിമലയ്ക്കു പോകുന്ന പതിവുണ്ട്. ഇത്തരത്തില്‍ സന്ദര്‍ശനം നടത്താന്‍ ആലോചിക്കുന്നവര്‍ക്ക് ഇക്കുറി കൃത്യസമയത്ത് എത്തിച്ചേരുക ബുദ്ധിമുട്ടായിരിക്കും. പന്തളം- പത്തനംതിട്ട റോഡില്‍ കടയ്ക്കാട് ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
നൂറനാട്, ചാരുംമൂട്, കായംകുളം എന്നീ മേഖലയില്‍നിന്നെത്തുന്ന പല വഴികളും പലയിടത്തും തടസപ്പെട്ട സാഹചര്യമാണുള്ളത്. അച്ചന്‍കോവിലാറിന്റെ തീരദേശ ഗ്രാമങ്ങളായ ഐരമണ്‍, പ്രമാടം, തുമ്പമണ്‍, മുട്ടം, കുടശനാട് എന്നിവിടങ്ങളിലെയും നിരവധി ഗ്രാമങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്തെ ചെറു റോഡുകളില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്.
പന്തളത്തുനിന്ന് മാവേലിക്കരയിലേക്ക് പോകുന്ന വഴിയില്‍ ഐരാണിമുട്ടം, മുടിയൂര്‍ക്കോണം ഭാഗത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. അടൂരില്‍ മെഡികല്‍ സെര്‍വീസ് കോര്‍പറേഷന്റെ മരുന്നു സംഭരണ കേന്ദ്രത്തിലും വെള്ളംകയറി. ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് ഉപയോഗശൂന്യമായി.
ശബരിമലയില്‍ ഭക്തരെ അനുവദിക്കുന്ന ആദ്യദിവസമായ ചൊവ്വാഴ്ച, വെര്‍ച്വല്‍ ക്യൂ വഴി ബുക് ചെയ്തിട്ടുള്ളവരുടെ എണ്ണം 8,000 ആണ്. സംസ്ഥാന സര്‍കാര്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Keywords: Heavy rain disrupts Sabarimala pilgrimage; Achankovil river overflowing, Pathanamthitta, News, Religion, Sabarimala Temple, Rain, Kerala.
Powered by Info News For You
Comments
Post a Comment