13 ഡോളറിന് വാങ്ങിയ വളര്‍ത്തുമൃഗത്തിന്റെ ശാപ്പാട് അയല്‍വക്കങ്ങളിലെ കോഴികളും താറാവും; വാങ്ങിയ പട്ടി കുറുക്കനെന്ന് മനസിലായതോടെ വെട്ടിലായി ഒരു കുടുംബം
ലീമ: (www.kvartha.com 19.11.2021) പട്ടിയെ വാങ്ങിയ ഒരു കുടുംബം കുറുക്കനെന്ന് മനസിലായതോടെ വെട്ടിലായി. ആഗ്രഹിച്ച് വാങ്ങിയ അരുമമൃഗം അതല്ലെന്ന് അറിഞ്ഞത് ഏറെ നാള്‍ കഴിഞ്ഞ് അതിന് പൂര്‍ണ വളര്‍ച്ച എത്തിയപ്പോഴാണ്. പെറുവിലെ ലീമയില്‍ താമസിക്കുന്ന മാരിബെല്‍ സൊറ്റെലയ്ക്കും കുടുംബത്തിനുമാണ് അമളി പറ്റിയത്.
13 ഡോളറിനാണ് ഇവര്‍ ഒരു 'സൈബീരിയന്‍ ഹസ്‌കിയെ' വാങ്ങിയത്. 'റണ്‍ റണ്‍' എന്നാണ് വീട്ടുകാര്‍ 'പട്ടിക്കുഞ്ഞി'ന് പേരിട്ടത്. എന്നാല്‍ ശരിക്കും അതൊരു കുറുക്കന്‍ കുഞ്ഞായിരുന്നു. വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കടക്കാരന്‍ കുടുംബത്തെ പറ്റിച്ചതായിരുന്നു.
വാങ്ങിയ സമയത്ത് സൈബീരിയന്‍ ഹസ്‌കിയുടെ സ്വഭാവ വിശേഷങ്ങള്‍ കാണിച്ച കുറുക്കന്‍ കുഞ്ഞ് താമസിയാതെ തനി സ്വരൂപം പുറത്തെടുക്കുകയായിരുന്നു. അയല്‍വക്കങ്ങളിലെ കോഴികളെയും താറാവിനെയും ഒന്നും റണ്‍ റണ്‍ വെറുതെവിട്ടില്ല. പലതിനെയും സ്ഥിരമായി ശാപ്പാടാക്കിയതോടെ അയല്‍വാസികള്‍ മാരിബെല്‍ കുടുംബത്തോട് പരാതി പറയാന്‍ തുടങ്ങി. അപ്പോഴും കുടുംബത്തിന് അത് കുറുക്കന്‍ കുഞ്ഞാണെന്ന് മനസ്സിലായില്ല.
എന്നാല്‍ അല്‍പ്പം കൂടി വളര്‍ന്നതോടെ പട്ടിയുടെ രൂപം അപ്പാടെ മാറി. മെലിഞ്ഞ കാലുകളും കൂര്‍ത്ത മുഖവുമായി മാറി. അധികം വൈകാതെ താന്‍ വളര്‍ത്തിയത് ഒരു 'ആന്‍ഡിയന്‍ ഫോക്‌സി'നെയാണ് എന്ന് മാരിബെല്‍ മനസിലാക്കുകയായിരുന്നു. സമീപത്തുള്ള ഒരു സ്ത്രീയുടെ മൂന്ന് ഗിനിപന്നികളെ റണ്‍ റണ്‍ തിന്നതോടെ കാര്യം ഗൗരവമുള്ളതായി. അതിന് പുറമേ കുറുക്കന്‍ വരുത്തുന്ന നഷ്ടങ്ങള്‍ക്ക് എല്ലാം ഉത്തരം പറയുകയും, നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യുക എന്നത് മാരിബെലിന്റെ പണിയായി.
അതിനിടെ 'റണ്‍ റണ്‍' വീട്ടില്‍ നിന്നും ഓടിപ്പോയി. എന്തായാലും ആറുമാസത്തിന് ശേഷം പെറുവിലെ സെന്‍ഫോര്‍ വൈല്‍ഡ് ലൈഫ് സെര്‍വീസ് നഗരപ്രാന്തത്തില്‍ നിന്നും ഇതിനെ കണ്ടെത്തി കൂട്ടിലാക്കി. ഇപ്പോള്‍ റണ്‍ റണ്‍ പാര്‍ക്യൂ ഡി ലാസ് ലെയെന്‍ഡാസ് മൃഗശാലയിലാണ്.
Powered by Info News For You

Comments
Post a Comment