ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി കരയിലേക്ക്; കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെലോ അലേര്‍ട്, തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രത


ചെന്നൈ: (www.kvartha.com 19.11.2021) ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി കരയിലേക്ക്. കേരളത്തില്‍ 
കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. 

കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. എന്നാല്‍ മലയോര മേഖലകളിലും വനമേഖലകളിലും ഓറന്‍ജ് അലേര്‍ടിന് സമാനമായ ജാഗ്രത വേണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. ന്യൂനമര്‍ദം കരയില്‍ പ്രവേശിച്ചതിന് ശേഷമേ, കേരളത്തില്‍ ഉണ്ടാകാവുന്ന സ്വാധീനത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

News, National, India, Chennai, Rain, Alerts, Kerala, Tamilnadu, Andhra Pradesh, Trending, Bengal sea depression; Tamil Nadu, Andhra and Kerala have alerts


തീവ്രന്യൂനമര്‍ദം പുലര്‍ചെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദമാണിത്. തീവ്രന്യൂനമര്‍ദം കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്. 

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ ഉള്‍പെടെ അഞ്ച് ജില്ലകള്‍ക്കായിരുന്നു നേരത്തെ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് 11 ജില്ലകളില്‍ കൂടി പ്രഖ്യാപിക്കുകയായിരുന്നു. മൊത്തം 16 ജില്ലകളിലാണ് റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ഇവിടങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കൂടാനാണ് സാധ്യത. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ചെന്നൈ നഗരത്തില്‍ ടി നഗര്‍ ഉസ്മാന്‍ റോഡ്, ജിവി ചെട്ടി റോഡ്, കില്‍പ്പോക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമം തുടരുകയാണ്. നീരൊഴുക്ക് കൂടിയതിനാല്‍ ചെമ്പരമ്പാക്കം അണക്കെട്ടില്‍ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. തിരുപ്പതിയിലടക്കം കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. വിമാനത്താവളത്തിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ തിരുപ്പതിയിലേക്കുള്ള വിമാനസെര്‍വീസുകളടക്കം വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇവ ബെംഗ്‌ളൂറു, ഹൈദരാബാദ് വിമാനത്താവളങ്ങളിലിറങ്ങുമെന്നാണ് അറിയിപ്പ്. 

തീവ്രന്യൂനമര്‍ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി ആന്ധ്രയുടെ കിഴക്കന്‍മേഖലയിലാണ് മഴ കൂടുതല്‍ ശക്തം. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കം തീരമേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുപ്പതിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ചിറ്റൂരില്‍ സ്വര്‍ണമുഖി നദീ തീരത്തുള്ളവരെ മാറ്റി പാര്‍പിച്ചു. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. തിരുപ്പതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി സ്ഥിതി വിലയിരുത്തി. ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: News, National, India, Chennai, Rain, Alerts, Kerala, Tamilnadu, Andhra Pradesh, Trending, Bengal sea depression; Tamil Nadu, Andhra and Kerala have alerts

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?