തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വിലേജ് ഓഫിസെര്‍ മരിച്ചു; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ കേസ്
തിരുവനന്തപുരം: (www.kvartha.com 09.10.2021) തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വിലേജ് ഓഫിസെര്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡികല്‍ കോളജിലെ സര്‍ജറി വിഭാഗം അസി. പ്രഫസര്‍ ഡോ. ജയന്‍ സ്റ്റീഫനെ സസ്‌പെന്‍ഡ് ചെയ്തു. അടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
മെഡികല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുവാദമില്ലാതിരിക്കെ ഡോ. ജയന്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതിന് മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൊല്ലം കലയപുരം പൂവറ്റൂര്‍ കിഴക്കു വാഴോട്ടു വീട്ടില്‍ ജയകുമാറിന്റെ ഭാര്യയും അടൂര്‍ വിലേജ് ഓഫിസറുമായ എസ് കല (49) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായി. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൂട്ടി ആംബുലന്‍സില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ 10ന് മരിച്ചു.
തുടര്‍ന്ന് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കി. ഡോ. ജയന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞു. ഡോ. ജയന്റെ പേരു രേഖകളില്‍ ഉള്‍പെടുത്താതെ ആശുപത്രി അധികൃതര്‍ മറ്റു രണ്ട് ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് വിശദീകരിച്ചത്.
എന്നാല്‍ താന്‍ ശസ്ത്രക്രിയ നടത്തിയതായി ഡോ. ജയന്‍ അന്വേഷണ സമിതിയോട് സമ്മതിക്കുകയായിരുന്നു. മരണകാരണം ഹൃദയസ്തംഭനമെന്നാണ് ആശുപത്രിയുടെ വിശദീകരണം. സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
Powered by Info News For You

Comments
Post a Comment