'വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രം അശ്ലീല സൈറ്റില്‍'; പരാതിക്ക് പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ഥി സൈബര്‍ പൊലീസിന്റെ പിടിയില്‍
തിരുവനന്തപുരം: (www.kvartha.com 20.10.2021) ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥി പിടിയില്‍. കഴിഞ്ഞ രണ്ടു മാസമായി തിരുവനന്തപുരം ജില്ലയിലെ ഒരു വിദ്യാലയത്തിലെ നിരവധി രക്ഷിതാക്കളില്‍നിന്നും സ്‌കൂള്‍ അധികൃതരില്‍നിന്നും ലഭിച്ച പരാതികളില്‍ രെജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റകൃത്യം ചെയ്ത വിദ്യാര്‍ഥിയെ സൈബര്‍ പൊലീസ് കണ്ടത്തിയത്.
നിരവധി നെറ്റ് വര്‍കുകളും ഫോണുകളും ഐ പി വിലാസങ്ങളും വി പി എന്‍ സര്‍വീസുകളും നിരന്തരം നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലൊടുവിലാണ് കുറ്റകൃത്യത്തിലേര്‍പെട്ട ആളെയും കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണും കണ്ടെത്തിയത്. കുറ്റകൃത്യത്തിനുപയോഗിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സഹവിദ്യാര്‍ഥിനികളുടെ ഫോടോ അടക്കം ചാറ്റ് നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു.
വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താന്‍ സാധിക്കുന്ന കനേഡിയന്‍ ഡേറ്റിങ് സൈറ്റാണ് വിദ്യാര്‍ഥി ഉപയോഗിച്ചതെന്നും അപരിചിതരായ ചാറ്റിങ് പങ്കാളികള്‍ക്ക് സഹപാഠികളായ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ അശ്ലീല കമന്റുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു ഫോണ്‍ നമ്പര്‍ സഹിതം പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ എടുത്ത ചിത്രങ്ങളാണ് വിദ്യാര്‍ഥി ഇതിനായി ഉപയോഗിച്ചതെന്നും സഹപാഠികളെയും അധ്യാപകരെയും ഭീതിയിലാഴ്ത്തുകയെന്ന ഉദ്ദേശ്യത്തിലും ഒരിക്കലും പിടിക്കപ്പെടില്ലെന്ന മിഥ്യാധാരണയിലുമാണ് ഇതു ചെയ്തതെന്ന് വിദ്യാര്‍ഥി പൊലീസിനോടു പറഞ്ഞു. ഉപഭോക്താവിന്റെ യാതൊരു തിരിച്ചറിയല്‍ വിവരങ്ങളും ലഭ്യമല്ലാത്ത വെബ്‌സൈറ്റില്‍നിന്നും കുറ്റകൃത്യം ചെയ്ത ആളെ കണ്ടെത്തുന്നത് പ്രയാസമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി പി കെ മധുവിന്റെ മേല്‍നോട്ടത്തില്‍ അഡിഷണല്‍ എസ്പി ഇ എസ് ബിജുമോന്‍, തിരുവനന്തപുരം റൂറല്‍ ഡി സി ആര്‍ ബി ഡി വൈ എസ് പി വിജുകുമാര്‍ എന്‍ എന്നിവരുടെ നേതൃത്വത്തില്‍ റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രതീഷ് ജി എസ്, എസ് ഐ സതീഷ് ശേഖര്‍, എസ് സി പി ഒ സുധീര്‍, സി പി ഒമാരായ അദീന്‍ അശോക്, ശ്യാം, സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി കുറ്റവാളിയെന്ന് കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment