നീന്തല്‍ പരിശീലത്തിനിടെ മുങ്ങിപ്പോയ കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ നീന്തല്‍ വിദഗ്ധന് ദാരുണാന്ത്യം
കോഴിക്കോട്: (www.kvartha.com 15.10.2021) വടകര മാഹി കനാലില്‍ നീന്തല്‍ പരിശീലനത്തിനിടെ മുങ്ങിപ്പോയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ നീന്തല്‍ വിദഗ്ധന് ദാരുണാന്ത്യം. അരയക്കൂല്‍ താഴെ തട്ടാറത്ത് താഴെകുനി സ്വദേശി സഹീര്‍(42) ആണ് മരിച്ചത്. ചെമ്മരത്തൂര്‍ ഭാഗത്ത് നീന്തല്‍ പഠിക്കുന്നതിനിടെ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുന്നതിനിടെയാണ് സഹീര്‍ അപകടത്തില്‍പ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയതിന് ശേഷം കുഴഞ്ഞ് വീണതാണെന്നാണ് കരുതുന്നത്. മുങ്ങി കാണാതായ സഹീറിനെ ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വടകര താലൂക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അപകടസ്ഥലത്ത് നാല് മീറ്ററോളം ആഴമുണ്ടായിരുന്നു. ചുഴിയുള്ള ഭാഗവുമാണിത്. ഈ പ്രദേശത്ത് ഇതിന് മുന്‍പ് നാല് പേര്‍ മുങ്ങി മരിച്ചിരുന്നു. ആഴമുള്ള കനാലില്‍ അപകട സാധ്യത മുന്നറിയിപ്പ് പോലുമില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വടകര ഫയര്‍ഫോഴസ് ഓഫീസില്‍ നിന്നും രണ്ട് യൂണിറ്റും പേരാമ്പ്രയില്‍ ഒരു യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ അരുണ്‍, വാസിത്ത് എന്നിവരാണ് നേതൃത്വം നല്‍കിയത്. കനാലില്‍ ഒഴുക്കില്‍പ്പെട്ടവരെ രക്ഷിച്ച സഹീറിന്റെ ദാരുണാന്ത്യം നാടിനെ തീരാസങ്കടത്തിലാഴ്ത്തി.
Powered by Info News For You

Comments
Post a Comment