തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ; മോന്‍സന്റെ ഭീഷണി ഭയന്നാണ് പലരും പൊലീസില്‍ പരാതിപ്പെടാത്തത്, യുവതിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: (www.kvartha.com 22.10.2021) സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറയും. മോന്‍സന്റെ വീട്ടിലെ തിരുമല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ഈ ക്യാമറകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തല്‍. മോന്‍സന്‍ പീഡനത്തിനിരയാക്കിയെന്ന് പരാതി നല്‍കിയ യുവതിയാണ് ഒളിക്യാമറകളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളെക്കുറിച്ച് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. മോന്‍സന്റെ ഭീഷണി ഭയന്നാണ് പലരും പൊലീസില്‍ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോന്‍സന്‍ പകര്‍ത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.
ഉന്നതര്‍ പലരും ബ്ലാക് മെയിലിങ് ഭയന്നാണു മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ച്. മോന്‍സനെതിരെ പോക്‌സോ കേസ് ഉയര്‍ന്ന് വന്നതോടെയാണ് മോന്‍സന്റെ വീട്ടിലെ ചികിത്സാകേന്ദ്രം സംബന്ധിച്ച് ദുരൂഹതകള്‍ വര്‍ധിക്കുന്നത്.
സൗന്ദര്യവര്‍ധക ചികിത്സയും മറ്റും ഉണ്ടെങ്കിലും ഇവിടെ മസാജിങ്ങിനാണ് പ്രിയം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഇവിടെയാണ് മോന്‍സന്റെയും മറ്റ് ജീവനക്കാരുടെയും പീഡനത്തില്‍ പെട്ടുപോയത്. ചികിത്സാ കേന്ദ്രത്തിനുള്ളില്‍ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. മോന്‍സന്റെ ചികിത്സതേടി എത്തിയവര്‍ പലരും ക്യാമറയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
മോന്‍സന്‍ കോടികള്‍ തിരിച്ചുനല്‍കാന്‍ ഉള്ള പലരും ബ്ലാക് മെയിലിങ് ഭയന്നാണ് പരാതി നല്‍കാത്തതെന്നാണു വിവരം. മസാജ് സെന്ററില്‍ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. ഫൊറന്‍സിക് വിഭാഗവും പരിശോധനയ്ക്ക് എത്തി. കൂടുതല്‍ യുവതികള്‍ മോന്‍സനെതിരെ പരാതിയുമായി വരുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി. കലൂരിലെ രണ്ട് വീട്ടില്‍വച്ച് നിരവധി പ്രാവിശ്യം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്നുമുള്ള ഗുരുതര ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു. നോര്‍ത് പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും.
അതിനിടെ മോന്‍സന്‍ മാവുങ്കലിന്റെ സമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗുണ്ട നേതാവ് ഓം പ്രകാശിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഓം പ്രകാശിന്റെ കൊച്ചി മുളവുകാട് സ്റ്റേഷനിലെ കേസ് ഒതുക്കാന്‍ മോന്‍സന്‍ ഇടപെട്ടിരുന്നു, കൊച്ചിയിലെ ഒരു എ സി പിയുടെ സഹായം മോന്‍സന്‍ വഴി ഗുണ്ട നേതാവ് തേടിയിരുന്നു, ഈ ബന്ധമുപയോഗിച്ച് പണം നല്‍കി കേസ് ഒതുക്കിയെന്നാണ് കണ്ടെത്തല്‍. കേസ് ഒതുക്കാന്‍ മോന്‍സനെ ഉപയോഗിച്ചെന്ന് ഓം പ്രകാശ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസിന് പണം നല്‍കിയിട്ടില്ലെന്നും കേസില്‍ ജാമ്യം ലഭിച്ചതിനാല്‍ പണം നല്‍കേണ്ടി വന്നില്ലെന്നുമാണ് ഓം പ്രകാശിന്റെ മൊഴി.
Powered by Info News For You

Comments
Post a Comment