കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി, പിന്നാലെ കടല്‍ക്ഷോഭം; കുടുങ്ങിയ യുവാവിനെ സാഹസികമായി തിരിച്ചെത്തിച്ച് അഗ്‌നിരക്ഷാ സേന
കണ്ണൂര്‍: (www.kvartha.com 18.10.2021) കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങിയ യുവാവിനെ ബലമായി കരയില്‍ എത്തിച്ച് അഗ്‌നിരക്ഷാ സേന. എടക്കാട് കിഴുന്ന സ്വദേശി കെ കെ രാജേഷിനെയാണ് അഗ്‌നി രക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കനത്ത മഴയും കാറ്റും വകവയ്ക്കാതെ തോട്ടട കിഴുന്ന കടപ്പുറത്ത് നിന്നും 200 മീറ്റര്‍ അകലെ കടലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറയിലേക്ക് രാജേഷ് നീന്തി ചെല്ലുകയായിരുന്നു. പിന്നീട് അവിടെ ധ്യാനമിരിക്കാനും തുടങ്ങി. ഈ സമയം കടപ്പുറത്ത് നടക്കാനിറങ്ങിയവര്‍ ഈ കാഴ്ച കണ്ടു. കടല്‍ക്ഷേഭത്തെ തുടര്‍ന്ന് കൂറ്റന്‍ തിരമാലകള്‍ പാറയിലേക്ക് ആഞ്ഞടിക്കുന്നുണ്ടായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. സംഭവം പന്തിയല്ലെന്ന് മനസിലാക്കിയതോടെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
കണ്ണൂരില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ അപകടത്തിലായിരുന്ന രാജേഷിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. കരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തെ രാജേഷ് ബലം പ്രയോഗിച്ച് ചെറുത്തെങ്കിലും നാട്ടുകാരും സേനയും ഇതേ രീതിയില്‍ ബലം പ്രയോഗിച്ച് യുവാവിനെ കരയ്ക്ക് എത്തിച്ചു. രാജേഷ് ഇത്തരം പ്രവര്‍ത്തി മുന്‍പും ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Powered by Info News For You

Comments
Post a Comment