കനത്ത മഴയെ തുടര്‍ന്ന് ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വര്‍ധിച്ചു
തിരുവനന്തപുരം: (www.kvartha.com 17.10.2021) സംസ്ഥാനത്ത് ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷിക്കാതെ എത്തിയ മഴയില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജല വൈദ്യുത പദ്ധതികളും മുഴുവന്‍ സമയ പ്രവര്‍ത്തനത്തില്‍ തുടരുന്നു. കെ എസ് ഇ ബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ധിച്ചു. 71 ദശലക്ഷം യൂണിറ്റാണ് കേരളത്തില്‍ പ്രതിദിനം വേണ്ടത്.
കല്‍ക്കരിക്ഷാമം മൂലം കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞത് സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലും കുറവുണ്ട്. വൈദ്യുതി പ്രതിസന്ധി തുടരുമെന്നതിനാല്‍ ഇടുക്കി ഉള്‍പെടെയുള്ള ജലവൈദ്യുതി നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ച് കേന്ദ്രപൂളിലേക്ക് വൈദ്യുതി നല്‍കി സഹായിക്കാന്‍ കേന്ദ്രം കേരളത്തോട് അഭ്യര്‍ഥിച്ചിരുന്നു.
അതേസമയം, തീവ്രമായ മഴയെത്തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍ പൊട്ടലും കാരണം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വെള്ളം കയറിയതിനെത്തുടര്‍ന്ന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ നിരവധി ലൈനുകളും ട്രാന്‍സ് ഫോര്‍മറുകളും ഓഫ് ചെയ്ത് വയ്‌ക്കേണ്ട സ്ഥിതിയാണ്.
സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി. വന്‍ നാശം സംഭവിച്ചെന്ന് കെ എസ് ഇ ബി അറിയിച്ചു. മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. പൊന്‍കുന്നം ഡിവിഷന് കീഴില്‍ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി ഫീഡറുകള്‍ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകര്‍ന്നു.
മുണ്ടക്കയം ടൗണിലെ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് വെള്ളത്തിലാണ്. പാല ഡിവിഷന്റെ കീഴിലും വലിയ നാശമാണ് ഉണ്ടായത്. ഈരാറ്റുപേട്ട, തീക്കൊയി, പൂഞ്ഞാര്‍ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും ഓഫ് ചെയ്തു. മണിമലയില്‍ മാത്രം 60 ട്രാന്‍സ് ഫോര്‍മറുകള്‍ കെ എസ് ഇ ബി ഓഫാക്കി. 33കെ വി പൈക ഫീഡര്‍ തകരാറിലായതോടെ പൈക സെക്ഷന്റെ പ്രവര്‍ത്തനവും അവതാളത്തിലായി.
Powered by Info News For You

Comments
Post a Comment