കാറില്‍നിന്നിറങ്ങി മരുന്ന് വാങ്ങാന്‍ റോഡ് കുറുകെ കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈകിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; അപകടം മക്കളുടെയും മാതാപിതാക്കളുടെയും കണ്‍മുന്നില്‍വച്ച്
തിരുവനന്തപുരം: (www.kvartha.com 08.10.2021) അമിതവേഗതയിലെത്തിയ ബൈകിടിച്ച് കൊല്ലം സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കാറില്‍നിന്നിറങ്ങി മരുന്നു വാങ്ങാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ മക്കളുടെയും മാതാപിതാക്കളുടെയും മുന്നില്‍വച്ചായിരുന്നു അപകടം. കൊട്ടിയം വടക്കേ മൈലക്കാട് വിളയില്‍ വീട്ടില്‍ ഡെന്നിസ് ഡാനിയേല്‍(45), ഭാര്യ നിര്‍മല ഡെന്നിസ്(34) എന്നിവരാണ് മരിച്ചത്.
പഴവങ്ങാടിയില്‍ ബുധനാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. വിദേശത്തായിരുന്ന ഡെന്നിസ്, കോവിഡ് വാക്‌സീനെടുത്ത ശേഷമുള്ള അസ്വസ്ഥതയ്ക്ക് ചികിത്സ തേടാനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആറ് ദിവസം ചികിത്സയിലായിരുന്നു. സംഭവ ദിവസം വൈകിട്ട് ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.
ഭാര്യയും മക്കളും ഭാര്യയുടെ മാതാപിതാക്കളും മറ്റൊരു ബന്ധുവുമാണ് ഒപ്പമുണ്ടായിരുന്നത്. ആശുപത്രിയില്‍നിന്ന് കിട്ടാത്ത ചില മരുന്നുകള്‍ പുറത്തെ മെഡികല്‍ സ്റ്റോറില്‍നിന്ന് വാങ്ങാനാണ് ഇരുവരും കാറില്‍ നിന്നിറങ്ങിയത്. ഈ സമയം, ഇതുവഴി എത്തിയ ബൈകുകളില്‍ ഒരെണ്ണം ഇവരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയതായി പൊലീസ് പറഞ്ഞു.
ഉടന്‍തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 9 മണിയോടെ ഡെന്നിസും വ്യാഴാഴ്ച പുലര്‍ച്ചെ 3ന് നിര്‍മലയും മരിച്ചു. അപകടം നടക്കുമ്പോള്‍ നിര്‍ത്തിയിട്ട കാറില്‍ ഇരിക്കുകയായിരുന്നു മക്കളും മറ്റുള്ളവരും. ശബ്ദവും നിലവിളിയും കേട്ടാണ് ഇവര്‍ റോഡിലേക്ക് ഓടിയെത്തിയത്. ദമ്പതികളുടെ മക്കള്‍: ഡെനില, ഡയാന്‍.
അതേസമയം, അപകടം നടന്നതിന് സമീപം മറിഞ്ഞുകിടന്ന ബൈക് ഫോര്‍ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ക്കും പരിക്കുണ്ട്. അപകടത്തിനിടയാക്കിയത് മറ്റൊരു ബൈകാണെന്നാണ് ഇവരുടെ വിശദീകരണം. ബൈക് മറിഞ്ഞുവീഴുന്നതായുളള സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു.
Powered by Info News For You

Comments
Post a Comment