ഫോണില്‍ അമ്മ കേട്ടത് മകളുടെ കരച്ചില്‍; ടി സി വാങ്ങാനെത്തിയ ആല്‍ബിനും വിഷ്ണുവും കണ്ടത് ഭീകര കാഴ്ച
പാലാ: (www.kasvartha.com 02.10.2021) തലയോലപ്പറമ്പിലെ വീട്ടില്‍ നിന്ന് ഒരുമിച്ച് ഇറങ്ങിയ ആ അമ്മ മണിക്കൂറുകള്‍ക്ക് ശേഷം കേട്ടത് മകളുടെ കരച്ചില്‍. അമ്മ ബിന്ദുവിന് മെഡികല്‍ കോളജില്‍ ലഭിച്ച താത്കാലിക ജോലിയില്‍ പ്രവേശിക്കേണ്ട ദിനമായിരുന്നു വെള്ളിയാഴ്ച. മകള്‍ നിതിനമോള്‍ പതിവുപോലെ സ്‌കൂടെറില്‍ കോളേജിലേക്കുമെത്തി. മണിക്കുറുകള്‍ക്ക് ശേഷം കരഞ്ഞുകൊണ്ടുള്ള മകളുടെ വിളിയാണ് ബിന്ദു കേട്ടത്. അഭിഷേക് തന്നെ തടഞ്ഞ് നിര്‍ത്തിയിരിക്കുന്നതായാണ് നിതിന അമ്മയെ അറിയിച്ചത്.
ബിന്ദു പലതവണ തിരിച്ചുവിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. സംഭവസ്ഥലത്ത് തളംകെട്ടിയ രക്തത്തില്‍ കിടക്കുകയായിരുന്നു ഫോണ്‍. മകളുടെ വിയോഗ വാര്‍ത്തയറിഞ്ഞ് ശാരീരിക അസ്വസ്ഥതയുണ്ടായ ബിന്ദുവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ടിസി വാങ്ങാന്‍ കോളജിലെത്തിയ എം എ പൊളിറ്റിക്‌സ് വിദ്യാര്‍ഥികളായിരുന്ന വിഷ്ണുവും ആല്‍ബിനും ഇങ്ങനെയൊരു സംഭവം കാണേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ശ്രദ്ധിച്ചത്. ഞങ്ങള്‍ ഓടിച്ചെന്നപ്പോള്‍ അഭിഷേക്
പെണ്‍കുട്ടിയുടെ കഴുത്തിനുപിടിച്ച് താഴെ ഇരുത്തുന്നതാണ് കണ്ടത്. പെണ്‍കുട്ടിയെ അവന്‍ തല്ലിയതാണെന്നാണ് ഞങ്ങള്‍ കരുതിയത്. അടുത്തുചെന്നപ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ മുഴുവന്‍ ചോര. തെര്‍മോക്കോള്‍ മുറിക്കുന്ന കത്തി ആ പയ്യന്റെ കൈയിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍നിന്ന് ചോര ഒഴുകുന്നു. പെട്ടെന്ന് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിപ്പോയി- വിഷ്ണുവും ആല്‍ബിനും പറഞ്ഞു.
Keywords: News, Kerala, Death, Killed, Crime, Mother, Daughter, Students, Nidhina death case in Pala
Powered by Info News For You

Comments
Post a Comment