ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ കാറുമായി കടന്നുകളഞ്ഞു; അഞ്ചംഗസംഘത്തെ കയ്യോടെ പിടികൂടി ശാര്‍ജ പൊലീസ്
ശാര്‍ജ: (www.kvartha.com 20.10.2021) ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ കാറുമായി കടന്നുകളഞ്ഞ അഞ്ചംഗസംഘത്തെ കയ്യോടെ പിടികൂടി ശാര്‍ജ പൊലീസ്. അറസ്റ്റിലായ അഞ്ചുപേരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അറബ് വംശജരാണ്. സ്വദേശിയുടെ 2020 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ കാറുമായാണ് സംഘം കടന്നുകളഞ്ഞത്.
കാര്‍ വാങ്ങാനെന്ന് പറഞ്ഞായിരുന്നു പ്രതികള്‍ സ്വദേശിയെ സമീപിച്ചത്. വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയും കാറുടമയ്ക്ക് രണ്ടര ലക്ഷം ദിര്‍ഹത്തിന്റെ വ്യാജ ചെക് നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരികെ വരാതിരുന്നപ്പോള്‍ ഫോണ്‍ വിളിച്ചെങ്കിലും സ്വിച്ഡ് ഓഫ് ആയിരുന്നു. തുടര്‍ന്ന് സ്വദേശി ശാര്‍ജ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി ലഭിച്ചയുടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ശാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്റ് (സിഐഡി) ഡയറക്ടര്‍ കേണല്‍ ഒമര്‍ അഹ് മദ് അബു അല്‍സൗദ് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍, റാസ് അല്‍ ഖൈമയിലെ സംഘത്തിന്റെ ഒളിത്താവളം പൊലീസ് സംഘം കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
റാസല്‍ഖൈമയിലെ ഈ ഒളിത്താവളത്തില്‍ വെച്ചാണ് പ്രതികള്‍ അഞ്ചുപേരും പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. റാസല്‍ഖൈമ പൊലീസിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥര്‍ സ്റ്റിങ് ഓപെറേഷന്‍ നടത്തിയത്.
പ്രതികളുടെ താമസ സ്ഥലത്ത് നിന്ന് ഒട്ടേറെ വ്യാജ ചെക് ബുകുകളും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാംപുകളും കണ്ടെടുത്തിട്ടുണ്ട്. കാര്‍ മോഷണം പോയ വിവരം വളരെ പെട്ടെന്ന് തന്നെ പൊലീസില്‍ അറിയിച്ചതിനാലാണു പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിച്ചതെന്ന് സിഐഡി ഡയറക്ടര്‍ കേണല്‍ ഒമര്‍ അഹ് മദ് അബു അല്‍ സൗദ് പറഞ്ഞു.
ഇത്തരം കച്ചവടത്തിലേര്‍പെടുന്നതിന് മുന്‍പ് ആവശ്യക്കാരെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Keywords: UAE: Gang of five arrested for stealing car worth Dh250,000, Sharjah, News, Police, Arrested, Robbery, Gulf, World.
Powered by Info News For You
Comments
Post a Comment