ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന വിദേശ പൗരനെ താമസിപ്പിക്കാന്‍ താല്‍കാലിക ഡിറ്റെന്‍ഷന്‍ സെന്റര്‍ സജ്ജീകരിക്കണമെന്ന് ഹൈകോടതി ഉത്തരവ്
കൊച്ചി: (www.kvartha.com 23.10.2021) ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന വിദേശ പൗരനെ താമസിപ്പിക്കാന്‍ താല്‍കാലിക ഡിറ്റെന്‍ഷന്‍ സെന്റര്‍ സജ്ജീകരിക്കണമെന്ന് ഹൈകോടതി. എല്‍സാല്‍വദോര്‍ പൗരനായ ഡുറന്‍ സോല ജോണി അലക്‌സാണ്ടറെ പാര്‍പിക്കാന്‍ താല്‍കാലിക ഡിറ്റെന്‍ഷന്‍ സെന്റര്‍ ഒരു മാസത്തിനകം തയാറാക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. ലഹരിമരുന്നു കേസില്‍ വിചാരണക്കോടതി വിട്ടയച്ചിട്ടും മോചിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് ഡുറന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് ഉത്തരവ്.
അതുവരെ ഹര്‍ജിക്കാരന് ജയിലില്‍ എ ക്ലാസ് തടവുകാരന്റെ സൗകര്യം നല്‍കണമെന്നും ബന്ധുക്കളുമായി ആശയവിനിയമം നടത്താന്‍ അനുവദിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശം നല്‍കി.
ഇത്തരം വിദേശ പൗരന്മാരെ മതിയായ സൗകര്യങ്ങളുള്ള ഡിറ്റെന്‍ഷന്‍ സെന്ററുകളിലാണ് പാര്‍പിക്കേണ്ടതെങ്കിലും തൃശ്ശൂരിലെ താല്‍കാലിക കേന്ദ്രത്തില്‍ മൂന്ന് വിദേശികളുണ്ടെന്ന് സംസ്ഥാന സര്‍കാരിനുവേണ്ടി ഹാജരായ അഡീ. പബ്ലിക് പ്രോസിക്യൂടര്‍ അറിയിച്ചു. ഒരാളെക്കൂടി പാര്‍പിക്കാന്‍ സൗകര്യമില്ലെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ഒരു മാസത്തിനകം സൗകര്യം ഒരുക്കാന്‍ കോടതി ഉത്തരവിട്ടത്.
2018 മേയ് 18 നാണ് 10 കോടി രൂപ വിലവരുന്ന 2.10 കിലോഗ്രാം കൊകെയ്ന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടിയെന്ന കേസില്‍ ഡുറനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളുടെ ബാഗില്‍ നിന്നാണു കൊകെയ്ന്‍ കണ്ടെത്തിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു വിലയിരുത്തിയ എറണാകുളം ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി ജൂണില്‍ ഇയാളെ വിട്ടയച്ചു. എന്നിട്ടും മൂന്നുമാസമായി ജയിലില്‍ കഴിയുകയാണെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.
അപീല്‍ നല്‍കുമെന്ന് എന്‍ സി ബി അറിയിച്ച സാഹചര്യത്തില്‍ ജൂലൈ 26ന് ഫോറിന്‍ റീജനല്‍ രെജിസ്‌ട്രേഷന്‍ ഓഫിസെര്‍ പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരനെ തടഞ്ഞുവച്ചത്.
Powered by Info News For You

Comments
Post a Comment