ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലേര്‍ട്, 6 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: (www.kvartha.com 22.10.2021) ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നത് നിമിത്തമാണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ചാണ് അലേര്‍ടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഡാമില്‍ നിലവില്‍ ജലനിരപ്പ് 2398.30 അടി ആണ്. വ്യാഴാഴ്ചത്തെ റൂള്‍ കര്‍വ് പ്രകാരം ബ്ലൂ അലേര്‍ട് ലെവല്‍ 2391.31 അടിയും റെഡ് അലേര്‍ട് ലെവല്‍ 2397.31 അടിയുമാണ്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി നിലവില്‍ കോമോരിന് മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒക്ടോബര്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴിയില്‍നിന്ന് മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ഒരു ട്രെഫ്( ന്യൂനമര്‍ദ പാത്തി) നിലനില്‍ക്കുന്നു.
സംസ്ഥാനത്ത് അതിജാഗ്രത തുടരും. സംഭരണികളിലേക്കുള്ള നീരൊഴുക്ക്, മഴ എന്നിവ നിരന്തരം നിരീക്ഷിച്ചു വരികയാണ്. യെലോ അലേര്‍ട് ഉള്ള ജില്ലകളില്‍ ജാഗ്രതക്കുറവ് പാടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം. മുന്‍കരുതലിന്റെ ഭാഗമായി നാലായിരത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍
കഴിയുകയാണ്.
കഴിയുകയാണ്.
Powered by Info News For You

Comments
Post a Comment