കനത്തമഴ; സംസ്ഥാനത്ത് 5 ജില്ലകളില്‍ റെഡ് അലേര്‍ട്; മറ്റ് ജില്ലകളില്‍ വിവിധ അലേര്‍ടുകള്‍ പുറപ്പെടുവിച്ചു; മലമ്പുഴ ഡാം തുറന്നു
തിരുവനന്തപുരം: (www.kvartha.com 16.10.2021) കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്. ഏഴു ജില്ലകളില്‍ ഓറന്‍ജ് അലേര്‍ടും, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ യെലോ അലേര്‍ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. തൃശൂര്‍ ചാലക്കുടിയില്‍ ലഘു മേഘവിസ്‌ഫോടനം ഉണ്ടായി. റോഡുകളില്‍ വെള്ളക്കെട്ട്. മറ്റു നാശനഷ്ടങ്ങളില്ല.
രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കക്കി, ആനത്തോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു.
പത്തനംതിട്ട ജില്ലയില്‍ 2018ല്‍ പെയ്തതിനു സമാനമായി കനത്ത മഴ തുടരുന്നു. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു.
Keywords: Heavy rain in Kerala, IMD issues red alert in 5 districts, Thiruvananthapuram, News, Rain, Warning, Trending, Kerala.
Powered by Info News For You
Comments
Post a Comment