സംസ്ഥാനത്ത് മഴക്കെടുതിയില്‍ 39 മരണമെന്ന് മുഖ്യമന്ത്രി; മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പിച്ച് നിയമസഭ പിരിഞ്ഞു, മുന്നറിയിപ്പ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: (www.kvartha.com 20.10.2021) സംസ്ഥാനത്ത് അപ്രതീക്ഷിതമായി എത്തിയ മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പിച്ച് കേരള നിയമസഭ. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 39 പേര്‍ മരിച്ചുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചത്. ആറ് പേരെ കാണാതായി. 304 ക്യംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 213 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കേരളത്തിന്റെ തീരാ ദുഖമാണിതെന്നും ദുരിത ബാധിതരെ സര്‍കാര്‍ കൈവിടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
ഇരട്ട ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് അതിതീവ്ര മഴ സൃഷ്ടിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്ത നിവാരണത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം നടക്കുന്നതായി സഭയെ അറിയിച്ചു. എന്‍ ഡി ആര്‍ എഫിന്റെ 11 ടീം രംഗത്തുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമായേക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ടെന്നും അറിയിച്ചു.
അതേസമയം, തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും കൃത്യമായ മുന്നറിയിപ്പ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ദുരന്ത നിവാരണ സംവിധാനം മെച്ചപ്പെടുത്തണമെന്നും കെ ബാബു സഭയില്‍ ആവശ്യപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വിദ്ഗ്ധ സമിതിയുടെ നിര്‍ദേശം തേടി മാറ്റങ്ങള്‍ വരുത്തണം. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നിയമ സഭ ബുധനാഴ്ച പിരിഞ്ഞു. ഇനി സഭാ സമ്മേളനം 25ആം തീയതി. എം എല്‍ എമാര്‍ക്ക് അവരവരുടെ മണ്ഡലങ്ങളില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുള്ളതിനാലാണ് സഭാ സമ്മേളനം 25 വരെ നിര്‍ത്തിവച്ചത്.
Powered by Info News For You

Comments
Post a Comment