വിവാഹ സല്‍കാരത്തിനിടെ കാര്‍ ഇടിച്ച് കയറി സ്ത്രീ ഉള്‍പെടെ 2 പേര്‍ മരിച്ചു; വാഹനമോടിച്ച യുവാവിനും പിതാവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
ചണ്ഡിഗഡ്: (www.kvartha.com 11.10.2021) വിവാഹ സല്‍കാരത്തിനിടെ കാര്‍ ഇടിച്ച് കയറി സ്ത്രീ ഉള്‍പെടെ 2 പേര്‍ മരിച്ചു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ നിലോഖേരി മേഖലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. ഞായറാഴ്ച രാവിലെ നടന്ന വിവാഹ സല്‍കാരത്തിനിടെ നിലോഖേരി സ്വദേശിയായ അജയ് എന്നയാള്‍ ആള്‍കൂട്ടത്തിനിടിയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടത്തില്‍ സ്ത്രീ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. ഇരുവരും രാവിലെ വീടിന് പുറത്ത് അതിഥികളുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് സംഭവം. അജയ് വേഗത്തില്‍ വാഹനം ഓടിക്കാറുള്ളതിനാല്‍ വിവാഹ സല്‍കാരത്തില്‍ പങ്കെടുക്കുന്ന അതിഥികളും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ വേഗത കുറച്ച് ഓടിക്കണമെന്ന് ബന്ധുക്കള്‍ അജയ്യോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ അജയ്, കാര്‍ റിവേഴ്‌സ് എടുത്ത് അവിടെ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി.
'അജയ്യോട് ശ്രദ്ധിച്ച് വാഹനമോടിക്കാന്‍ പറഞ്ഞു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന അജയ്യുടെ അച്ഛന്‍, അജയ്ക്ക് ഇഷ്ടമുള്ള രീതിയില്‍ വാഹനമോടിക്കുമെന്ന് പറഞ്ഞു. ഇതിന് പിന്നാലെ അഞ്ചുപേര്‍ക്കിടയിലേക്ക് അജയ് കാര്‍ ഒടിച്ചുകയറ്റി.' മരിച്ച സ്ത്രീയുടെ ബന്ധു വിജയ് കുമാര്‍ പൊലീസിനോട് പറഞ്ഞു.
സംഭവത്തില്‍ അജയ്ക്കും പിതാവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും അജയ്യെ പിടികൂടാന്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment