തമിഴ്‌നാട് സ്വദേശിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com 22.10.2021) തമിഴ്‌നാട് സ്വദേശിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. രാമനാട്ടുകര അങ്ങാടിയില്‍വച്ച് നടന്ന സംഭവത്തില്‍ വിജേഷ് (37), അരുണ്‍ രാജ്(24) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ ദിവസം രാത്രി കെ ടി ഡി സി ഹോടെലിന് സമീപത്ത് വച്ച് തിരുച്ചിറപ്പള്ളി അരിയലൂര്‍ പനങ്ങൂര്‍ സ്വദേശി പ്രഭാകരന്റെ ഫോണ്‍ മൂവര്‍ സംഘം കവര്‍ന്നെന്നാണ് കേസ്.
മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററായ പ്രഭാകരന്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തി തിരിച്ചു പോകുമ്പോള്‍ പിന്നാലെ വന്ന അക്രമികളില്‍ ഒരാള്‍ തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ കത്തി വച്ചെന്നും ഉടന്‍ മറ്റൊരാള്‍ പ്രഭാകരന്റെ പോകെറ്റില്‍ നിന്ന് ഫോണ്‍ അപഹരിച്ച ശേഷം മൂവരും കടന്നു കളഞ്ഞെന്നും പരാതിയില്‍ പറയുന്നു. പ്രഭാകരന്‍ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.
തുടര്‍ന്ന് വിജേഷിനെ സംഭവസ്ഥലത്തുനിന്നും അരുണ്‍ രാജിനെ പിന്നീടുമാണ് പൊലീസ് പിടികൂടിയത്. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. കവര്‍ച സംഘത്തില്‍പെട്ട മൂന്നാമത്തെ ആള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment